ഭട്കൽ മുസ്ലിം ജമാഅത്ത് മില്ലെനിയം സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsഭട്കൽ ജമാഅത്തുൽ മുസ്ലിമീൻ മില്ലെനിയം ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങ്
മംഗളൂരു: ഭട്കൽ ജമാഅത്തുൽ മുസ്ലിമീൻ മില്ലെനിയം ദ്വിദിന സമ്മേളനത്തിന് ബുധനാഴ്ച തുടക്കമായി. ചരിത്രപ്രസിദ്ധമായ ഭട്കൽ ജുമാമസ്ജിദ് പരിസരത്തെ മൈതാനിയിൽ സജ്ജീകരിച്ച നഗരിയിൽ ആൾ ഇന്ത്യ പേർസണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി ഉദ്ഘാടനം നിർവഹിച്ചു.
വെല്ലുവിളികൾ വിവേകപൂർവവും ഖുർആനിക അധ്യാപനങ്ങൾ പിൻപറ്റിയും അതിജീവിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ഭട്കൽ ജമാഅത്ത് മുഖ്യ ഖാദി മൗലാന അബ്ദുൽ റബ്ബ് നദ്വി അധ്യക്ഷത വഹിച്ചു. മൗലാന ബിലാൽ ഹസനി നദ്വി മുഖ്യാതിഥിയായി. ഭട്കൽ ഖലീഫ ജമാഅത്ത് മുഖ്യ ഖാദി മൗലാന ഖാജ അക്റാമി മദനി പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. വ്യാഴാഴ്ച വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ സംഗമം ഉൾപ്പെടെ പരിപാടികൾ നടക്കും.