ഭട്കൽ മൊഹ്തേഷാം യാസീൻ അന്തരിച്ചു
text_fieldsമൊഹ്തേഷാം യാസീൻ
മംഗളൂരു: ഭട്കലിലെ പ്രമുഖ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ മൊഹ്തേഷാം യാസീൻ (43) ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി അന്തരിച്ചു. 1998 മുതൽ മൊഹ്തേഷാം അക്കാദമി നടത്തിവരുകയാണ്. അഞ്ജുമൻ ഹാമി-ഇ-മുസ്ലിമീൻ ഭട്കലിന്റെ അക്കാദമിക് കൗൺസിലറായും ഉപദേഷ്ടാവായും പ്രവർത്തിച്ചുവരുകയായിരുന്നു.
വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. എന്നാൽ, മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ കുടുംബം ഒരുങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ഭട്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അർധരാത്രിയോടെ നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി. ഭട്കൽ പട്ടണം വെള്ളിയാഴ്ച വൈകാരികമായ വിടവാങ്ങലിന് സാക്ഷ്യം വഹിച്ചു. ഭട്കലിലെ ചരിത്രപ്രസിദ്ധമായ രണ്ട് പള്ളികളിൽ മയ്യിത്ത് നമസ്കാരം നടന്നു. പ്രാർഥനകൾക്ക് ശേഷം പ്രാദേശിക ഖബർസ്ഥാനിൽ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

