ബംഗളൂരു പുതിയ വികസന പദ്ധതികൾ ചരിത്രത്തിൽ ഇടം നേടും- ഡി.കെ. ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: ബംഗളൂരുവിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ഭാവിയിൽ ചരിത്രപുസ്തകങ്ങളിൽ ഇടം നേടുമെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും ബംഗളൂരു വികസന ചുമതലയുള്ള മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സർക്കാർ നിരവധി വൻപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ശിവകുമാർ വ്യക്തമാക്കി. ഇവ ബംഗളൂരുവിന്റെ ഭാവി തന്നെ മാറ്റിമറിക്കുന്നതായിരിക്കും. ബംഗളൂരു ബിസിനസ് കോറിഡോർ എന്ന പേരിൽ 120 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.
കർഷകരുടെ താല്പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കുക. ഏറ്റെടുക്കുന്ന ഭൂമിയുടെ ഒരു ഭാഗം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും ഈ ഭൂമിക്ക് പകരമായി കർഷകർക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളിൽ മേല്‍പ്പാതകള്‍ ഉൾപ്പെടെ പുതിയ പദ്ധതികളും നടപ്പാക്കും. മേക്രി സർക്കിളിൽ 1.5 കിലോമീറ്റർ നീളമുള്ള ‘കട്ട് ആൻഡ് കവർ’ രീതിയിലുള്ള തുരങ്ക പാത നിർമിക്കും. ഔട്ടര്‍ റിങ് റോഡിലൂടെ തുമകുരു റോഡ് മുതല്‍ കെ.ആർ. പുരം വരെ പുതിയ മേല്‍പ്പാത നിർമിക്കുന്നതും പരിഗണനയിലാണ്.
നൈസ് റോഡുമായി ബന്ധപ്പെട്ട ഭൂമി തർക്കങ്ങൾ ഉടൻ പരിഹരിക്കും. വിമാനത്താവളത്തിന് സമീപം സ്കൈഡെക്ക് നിർമിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇതിനായി ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി ഉപയോഗിക്കും. ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ 50ാം വാർഷികാഘോഷങ്ങൾ ഈ വർഷം സംഘടിപ്പിക്കുമെന്നും നഗരത്തിന്റെ വികസനയാത്രയെ പ്രതിഫലിപ്പിക്കുന്ന പദ്ധതികൾ ഇതിന്റെ ഭാഗമായി അവതരിപ്പിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

