ബംഗളൂരു ടെക് സമ്മിറ്റിന് ഇന്ന് തുടക്കം
text_fieldsബംഗളൂരു: കർണാടക സർക്കാർ സംഘടിപ്പിക്കുന്ന 26ാമത് ബംഗളൂരു ടെക് സമ്മിറ്റിന് ബുധനാഴ്ച പാലസ് മൈതാനിയിൽ തുടക്കമാകും. ഡിസംബർ ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ ഐ.ടി രംഗത്തെ പ്രഗല്ഭരും നിക്ഷേപകരുമടക്കം പങ്കെടുക്കും.
ബ്രേക്കിങ് ബൗണ്ടറീസ് എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മിറ്റിൽ 30 ലേറെ രാജ്യങ്ങളിൽനിന്നുള്ളവർ പ്രതിനിധികളായെത്തും. രാവിലെ 10ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുക്കും.
വിശിഷ്ടാതിഥികളായി കസാഖ്സ്താൻ ഡിജിറ്റൽ മന്ത്രി ബഗ്ദത്ത് ഹുസൈൻ, ഫിൻലൻഡ് ശാസ്ത്ര-സാംസ്കാരിക മന്ത്രി സരി മുൾതാല, ജർമൻ ഡിജിറ്റൽ അഫയേഴ്സ് മന്ത്രി വോൾകർ വിസ്സിങ്, കർണാടക മന്ത്രിമാരായ എം.ബി. പാട്ടീൽ, എൻ.എസ്. ബൊസെരാജു, പ്രിയങ്ക് ഖാർഗെ, റിസ്വാൻ അർഷദ് എം.എൽ.എ, എ.എം.ഡി എക്സി. വൈസ് പ്രസിഡന്റുമാർക്ക് പേപർമാസ്റ്റർ, വിപ്രോ എക്സി. ചെയർമാൻ റിഷാദ് പ്രേംജി, ചീഫ് സെക്രട്ടറി വന്ദിത ശർമ, ഇൻവെസ്റ്റ് ഇന്ത്യ സി.ഇ.ഒ നജവൃതി റായ്, സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ബയോകോൺ ലിമിറ്റഡ് എക്സി. ചെയർപേഴ്സൻ കിരൺ മജുംദാർ ഷോ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, സ്റ്റാർട്ടപ്സ് വിഷൻ ഗ്രൂപ് ചെയർമാൻ പ്രശാന്ത് പ്രകാശ് തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് എക്സിബിഷൻ ഉദ്ഘാടനം നടക്കും. ഉച്ചക്കുശേഷം വിവിധ ഹാളുകളിലായി വിവിധ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും അരങ്ങേറും. വൈകീട്ട് ആറുമുതൽ ഏഴുവരെ ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുമായി സംവാദം നടക്കും.
നിഖിൽകാമത്ത് മോഡറേറ്ററാവും. ഇന്ത്യ- യു.എസ്.എ ടെക് കോൺക്ലേവ്, അവാർഡ് വിതരണം, ടി.സി.എസ് റൂറൽ ഐ.ടി ക്വിസ്, ബിടുബി മീറ്റിങ് തുടങ്ങിയവ സമ്മിറ്റിൽ നടക്കും. നൂറുകണക്കിന് പവലിയനുകളിലായി വിവിധ സ്റ്റാർട്ടപ്പുകളടക്കമുള്ളവ അണിനിരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

