കെഞ്ചിയിട്ടും പൊലീസ് കനിഞ്ഞില്ല; മകൾ പരിചരണം കിട്ടാതെ മരിച്ചു -15കാരി ദിവ്യാൻഷിയുടെ മാതാവ്
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ബുധനാഴ്ച വൈകീട്ട് തിക്കിലും തിരക്കിലും മരിച്ചവരിൽ ഉൾപ്പെട്ട ദിവ്യാൻഷിയുടെ (15) പിതാവ് ശിവകുമാർ പൊലീസിന് എതിരെ ഉന്നയിച്ചത് ഗുരുതര ആക്ഷേപം. പതിനഞ്ചാം നമ്പർ ഗേറ്റ് പരിസരത്താണ് മകൾ വീണത്. അവളുടെ മാതാവും സഹോദരിയും കണ്ടുനിൽക്കെ തികച്ചും അസാധാരണ ദുരന്തം.
ആരോ തള്ളിയിട്ടതാവാനേ വഴിയുള്ളൂ. തന്റെ ഭാര്യ കേണപേക്ഷിച്ചിട്ടും പൊലീസ് ശരിയായ പ്രഥമശുശ്രൂഷ പോലും നൽകിയില്ല. ഭാര്യ കരഞ്ഞു പറഞ്ഞപ്പോഴാണ് മകളെ ഒരു ഓട്ടോറിക്ഷക്കാരന്റെ കനിവിൽ ആശുപത്രിയിൽ കൊണ്ടുപോയത്. അപ്പോഴേക്കും അവൾ മരിച്ചു.
എഫ്.ഐ.ആർ ഫയൽ ചെയ്യാൻ പോലും തങ്ങൾക്ക് നാല് മണിക്കൂർ കാത്തിരിക്കേണ്ടി വന്നുവെന്ന് ശിവകുമാർ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം അന്ത്യകർമങ്ങൾക്കും സംസ്കാരത്തിനുമായി ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി. പൂർണ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന് ബംഗളൂരുവിൽ ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് അവർ ശരിയായ ക്രമീകരണങ്ങൾ ചെയ്യാതിരുന്നത്? മൈസൂരു പാലസ് റോഡ് പോയി കാണൂ -- രാഷ്ട്രീയ പരിപാടികൾക്ക് അവർ എല്ലാം ക്രമീകരിക്കുന്നു. ഈ ആഘോഷത്തിന് അവർക്ക് ശരിയായ ആസൂത്രണം ഉണ്ടായിരിക്കണമായിരുന്നു. ഇത്രമേൽ ബുദ്ധിശൂന്യത അരുതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിക്കിലും തിരക്കിലും മരിച്ച സോഫ്റ്റ്വെയർ എൻജിനീയറായ കാമാച്ചി ദേവിയുടെ (28) മൃതദേഹം വ്യാഴാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ മയിലാടുംപാറയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

