ബംഗളൂരു-പുണെ എക്സ്പ്രസ് വേ: ഡിസംബറിൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും
text_fieldsനിലവിലെ ബംഗളൂരു-പുണെ ദേശീയപാത
ബംഗളൂരു: നിര്‍ദിഷ്ട ബംഗളൂരു-പുണെ എക്സ്പ്രസ് വേ പദ്ധതിക്കായി റോഡ്- ഗതാഗത ഹൈവേ മന്ത്രാലയം വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നു. രാജ്യത്തെ രണ്ട് പ്രധാന ഐ.ടി ഹബ്ബുകളായ ബംഗളൂരുവിനെയും പുണെയെയും ബന്ധിപ്പിക്കുന്ന 699 കിലോമീറ്റർ വരുന്ന ഗ്രീന്‍ ഫീല്‍ഡ് എക്സ്പ്രസ് പാതയുടെ നവീകരണത്തിന് 50,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആറുവരി പാതയില്‍ വാഹനങ്ങള്‍ക്ക് 120 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാനാവും.
നിലവില്‍ ബംഗളൂരു-പുണെ ദേശീയപാതക്ക് (ദേശീയപാത-നാല്) 783 കിലോമീറ്ററാണ് ദൈർഘ്യം. ഇരു നഗരങ്ങള്‍ക്കുമിടയിൽ ഏകദേശം 14-15 മണിക്കൂര്‍ യാത്രാസമയം വരും. എക്സ്പ്രസ് വേ പൂര്‍ത്തിയാകുന്നതോടെ യാത്രാസമയം ആറുമണിക്കൂറായി ചുരുങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയ ഈ എക്സ്പ്രസ് വേ, പുണെയിലെ നിർദിഷ്ട റിങ് റോഡിലെ കാഞ്ചലേയില്നിന്ന് ആരംഭിച്ച് ദൊഡ്ഡബെല്ലാപുര മുത്തുഗഡഹള്ളിയില്വെച്ച് നിർദിഷ്ട ബംഗളൂരു സാറ്റലൈറ്റ് റിങ് റോഡുമായി ചേരും.
പുണെയിൽവെച്ച് പുണെ-മുംബൈ എക്സ്പ്രസ് ഹൈവേയിലും ഈ പാത ചേരും. കർണാടകയിൽ നിർദിഷ്ട ബംഗളൂരു-ചെന്നൈ എക്സ്പ്രസ് പാതയിലേക്ക് പ്രസ്തുത പാത എത്തിക്കാനും ആലോചനയുണ്ട്.
മഹാരാഷ്ട്രയിൽ പുണെ, സതാറ, സാങ്ലി ജില്ലകളിലും കർണാടകയിൽ ഒമ്പത് ജില്ലകളിലുമായാണ് പാത. ബെളഗാവി ജില്ലയിലെ അതാനി താലൂക്കില്‍ ബൊമ്മനാലില്നിന്നാണ് കർണാടക സംസ്ഥാനത്തേക്ക് അതിവേഗ പാത പ്രവേശിക്കുക. ജമഖണ്ഡി, ബാഗൽകോട്ട്, മുധോൾ, ബദാമി (ബാഗൽകോട്ട് ജില്ല), നർഗുണ്ട്, റോൺ (ഗദക്), യെലബുർഗ, കൊപ്പാൽ (കൊപ്പാൽ ജില്ല), ഹാഗരി ബൊമ്മനഹള്ളി, കുഡലിഗി (വിജയനഗര ജില്ല), ജഗലൂരു (ദാവൻകരെ ജില്ല), ചിത്രദുർഗ താലുക്ക (ചിത്രദുർഗ ജില്ല), സിറ, മധുഗിരി, കൊരട്ടഗരെ, തുമകൂരു (തുമകൂരു ജില്ല), നെലമംഗല, ദൊഡ്ഡബല്ലാപുർ (ബംഗളൂരു റൂറൽ ജില്ല) എന്നിവിടങ്ങളിലൂടെ പാത കടന്നുപോവും.
എക്സ്പ്രസ് വേയിൽ 22 സ്ഥലങ്ങളില്‍ മറ്റ് റോഡുകളുമായി ഇന്റര്‍ചേഞ്ച് ഉണ്ടായിരിക്കും. പുണെക്കും ബംഗളൂരുവിനും സമീപം അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ രണ്ട് എമര്‍ജന്‍സി എയര്‍ സ്ട്രിപ്പുകള്കൂടി നിർമിക്കാന്‍ പദ്ധതിയുണ്ട്. 55 മേൽപാലങ്ങളും 15 മീറ്റർ വീതിയിൽ മീഡിയനും ഉണ്ടാകും. ഇരുവശത്തും മരങ്ങൾ വെച്ചുപിടിപ്പിച്ചാണ് ഗ്രീൻഫീൽഡ് പാതയൊരുക്കുക. കർണാടകയില്‍ മാത്രം ഏകദേശം 5205 ഹെക്ടറോളം ഭൂമി പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും.
ഘട്ടപ്രഭ, മാലപ്രഭ, തുംഗഭദ്ര, കൃഷ്ണ, യെരള, നീര, ചാന്ദ് നദി, ചിക്ക ഹാഗരി, വേദാവത് എന്നിവയടക്കം 10 നദികൾ പാത മുറിച്ചുകടക്കും. കർണാടകയിലെ നിലവിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളിലൂടെയും നിർദിഷ്ട പ്രത്യേക സാമ്പത്തിക മേഖലകളിലൂടെയും പാത കടന്നുപോകും.
ബംഗളൂരു-പുണെ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് പാതയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഡിസംബറിൽ തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു. വിശദ പദ്ധതി റിപ്പോർട്ടിന് കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം അംഗീകാരം നൽകുന്നതോടെ ഭൂമി ഏറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. 2028ഓടെ പാത തുറന്നുനൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

