ബംഗളൂരു മെട്രോ നിരക്കുകൾ കുറക്കണം-ഗതാഗതമന്ത്രി
text_fieldsമന്ത്രി റെഡ്ഡി
ബംഗളൂരു: ബംഗളൂരു മെട്രോയുടെ സമീപകാല നിരക്ക് വർധനക്ക് കേന്ദ്ര സർക്കാറാണ് ഉത്തരവാദിയെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തിങ്കളാഴ്ച ആരോപിച്ചു. ബി.ജെ.പി നേതാക്കൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അടുത്തിടെ നിരക്ക് വർധന നടപ്പിലാക്കി.
പരമാവധി നിരക്ക് 60 രൂപയിൽനിന്ന് 90 രൂപയായും മിനിമം ബാലൻസ് 50 രൂപയിൽനിന്ന് 90 രൂപയായും ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറും ഇടപെട്ട് മെട്രോ നിരക്ക് കുറക്കണമെന്ന് റെഡ്ഡി അഭ്യർഥിച്ചു.ഈ വിഷയത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ റെഡ്ഡി ആഞ്ഞടിച്ചു. അദ്ദേഹം റെയിൽവേ മന്ത്രിയായതിനാലും മെട്രോയുടെ ചുമതല വഹിക്കുന്നതിനാലും ആദ്യം മെട്രോ നിയമങ്ങളും ചട്ടങ്ങളും വായിക്കണം.
തന്റെ അഭിപ്രായത്തിൽ വൈഷ്ണവ് മെട്രോ നിയമങ്ങളോ ചട്ടങ്ങളോ പഠിച്ചിട്ടില്ല. ആദ്യം അദ്ദേഹം അത് വായിക്കട്ടെ. കാരണം അദ്ദേഹം റെയിൽവേ മന്ത്രിയും മെട്രോയുടെ ചുമതലയും വഹിക്കുന്നു- റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു.നിരക്ക് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മെട്രോയും ആദ്യം കേന്ദ്ര സർക്കാറിന് കത്തെഴുതണം.എല്ലാ മെട്രോകൾക്കും കേന്ദ്ര നഗരവികസന മന്ത്രിയാണ് ചെയർമാൻ. തുടർന്ന് മെട്രോ ബോർഡ് ബംഗളൂരുവിന് മാത്രമല്ല, എല്ലാ മെട്രോകൾക്കും ഒരു നിരക്ക് നിശ്ചയിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്നും ആ കമ്മിറ്റിയുടെ തലവൻ വിരമിച്ച ജഡ്ജിയായിരിക്കുമെന്നും റെഡ്ഡി പറഞ്ഞു.
ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം വിരമിച്ച ജഡ്ജി ആർ. തരാണി കമ്മിറ്റിയുടെ ചെയർമാനാണ്. കേന്ദ്ര സർക്കാറിന്റെ അഡീ. സെക്രട്ടറി സത്യേന്ദ്ര പാൽ സിങ് കേന്ദ്രത്തെ പ്രതിനിധാനം ചെയ്യുന്നു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഇ.വി. രമണ റെഡ്ഡിയാണ് കർണാടക പ്രതിനിധി. കമ്മിറ്റി ബംഗളൂരുവിലേക്ക് വരുന്നു, മെട്രോയുടെ പരാതികൾ കേൾക്കുന്നു, പൊതുജനങ്ങളിൽനിന്നും മറ്റ് പങ്കാളികളിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നു.അവർ (കമ്മിറ്റി) റിപ്പോർട്ട് കർണാടക സർക്കാറിന് നൽകുന്നില്ല. കേന്ദ്ര സർക്കാറിന്റെ നഗരവികസന മന്ത്രി അധ്യക്ഷനായ സെൻട്രൽ മെട്രോ ബോർഡിനാണ് അവർ അത് സമർപ്പിക്കുന്നത്. അവരാണ് തീരുമാനമെടുത്തത്. ആ ബോർഡ് പ്രകാരം അവർ ബംഗളൂരു മെട്രോയുടെ നിരക്ക് വർധിപ്പിച്ചു.
എന്നാൽ ബി.ജെ.പിക്കാർ കോൺഗ്രസ് സർക്കാറിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കർണാടക സർക്കാർ വില വർധനക്ക് ഉത്തരവാദിയല്ല. മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ എന്നിവരുൾപ്പെടെ അവർക്ക് (ബി.ജെ.പി) നിയമങ്ങളും ചട്ടങ്ങളും അറിയില്ലേ? ഷെട്ടാറും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അഭിഭാഷകരാണ്.മെട്രോയുടെ നിയമങ്ങളും ചട്ടങ്ങളും വായിക്കാതെ കർണാടക സർക്കാറിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് വളരെ ലജ്ജാകരമാണെന്ന് റെഡ്ഡി പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് 30 ശതമാനം നിരക്ക് ഇളവ് നമ്മ മെട്രോ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

