ആവേശം വിതറി ബംഗളൂരു മാരത്തൺ
text_fieldsബംഗളൂരു മാരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾ വിധാൻസൗധക്കു മുന്നിലെ അംബേദ്കർ വീഥിയിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന താരങ്ങൾ
ബംഗളൂരു: പുരുഷ വിഭാഗത്തിൽ ഫിനിഷിങ് ലൈനിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഇന്ത്യൻ വിഭാഗത്തിൽ ഇവന്റ് റെക്കോഡ്, പ്രായപരിധിയില്ലാതെ ആവേശം നിറച്ച മജ റൺ, അംഗപരിമിതി വകവെക്കാതെ തങ്ങൾക്കും സാധ്യമെന്ന് തെളിയിച്ച് വീൽചെയറിലും ഓട്ടത്തിൽ പങ്കാളിയായവർ... ഞായറാഴ്ച നടന്ന ടി.സി.എസ് വേൾഡ് 10 കെ മാരത്തണിൽ ബംഗളൂരുവിന്റെ നിരത്തുകളിലൂടെ ഒരുമയോടെ ഓടിയത് 35,000ത്തിലേറെ പേർ.
സാം മനേക് ഷാ പരേഡ് മൈതാനത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എൻ.എ. ഹാരിസ് എം.എൽ.എ, റിസ്വാൻ അർഷദ് എം.എൽ.എ , തേജസ്വി സൂര്യ എം.പി തുടങ്ങിയവർ പങ്കെടുത്തു.
ബംഗളൂരു മാരത്തൺ ഫ്ലാഗ് ഓഫ് ചടങ്ങിൽനിന്ന്
കബ്ബൺ റോഡിൽനിന്നാരംഭിച്ച് അൾസൂർ റോഡ്, ഭാസ്കരൻ റോഡ്, ഗംഗാധർ ചെട്ടി റോഡ്, അന്നസ്വാമി മുതലിയാർ സർക്ൾ, ഡിക്കൻസൺ റോഡ്, കാമരാജ് റോഡ്, കബ്ബൺ റോഡ്, ഡോ. അംബേദ്കർ റോഡ്, വിധാൻ സൗധ, കെ.ആർ സർക്ൾ വഴി കബ്ബൺ റോഡിൽ തിരിച്ചെത്തുന്ന വിധത്തിലായിരുന്നു റൂട്ട് ക്രമീകരിച്ചത്.
പുരുഷ വിഭാഗത്തിൽ ജേതാവായ ഉഗാണ്ടയുടെ ദീർഘദൂര ഓട്ടക്കാരൻ ജോഷ്വ ചപ്തഗിക്കും വനിത വിഭാഗത്തിൽ ജേതാവായ ഉഗാണ്ടയുടെത്തന്നെ സാറ ചെലംഗക്കും 6000 യു.എസ് ഡോളർ (ഏകദേശം 22 ലക്ഷം രൂപ) വീതം സമ്മാനത്തുകയായി ലഭിച്ചു.
മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതവും സമ്മാനത്തുകയായി നൽകി. അതേസമയം, പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരത്തിന്റെ മികച്ച സമയം കുറിച്ച അഭിഷേക് പാലിന് റെക്കോഡ് നേട്ടത്തിന് ഒരു ലക്ഷം രൂപ അധികം സമ്മാനത്തുകയായി ലഭിച്ചു.
സമാപന ചടങ്ങിൽ ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ടി.സി.എസ് റീജനൽ െഹഡ് സുനിൽ ദേശ്പാണ്ഡെ തുടങ്ങിയവർ പങ്കെടുത്തു. 75 സന്നദ്ധ സംഘടനകളും വിവിധ സന്ദേശങ്ങളുമായി മാരത്തണിൽ പങ്കുചേർന്നു. അകക്കണ്ണിലെ വെളിച്ചം മുന്നോട്ടുള്ള പാതയിലെ വെളിച്ചമായി തീര്‍ന്നവരും സൗഹൃദത്തിന്റെ ആഴം അറിഞ്ഞവരുമെല്ലാം ഒരേ മനസ്സോടെ മാരത്തണിൽ അണിനിരന്നു.
സരള, യെർനമ്മ, ദത്താത്രേയ... ആത്മവിശ്വാസത്തിന്റെ വാക്കുകൾ
സാരിയില്‍ അതി മനോഹരിയായി റിച്ചയും വേഷ്ടി ധരിച്ചു സുഹൃത്ത് അവിനാഷും ഇന്ത്യന്‍ സംസ്കാരം ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി മാരത്തണില്‍ പങ്കെടുക്കുന്നത്. രാജസ്ഥാനില്‍നിന്നുള്ള 68കാരിയായ സരള ഭട്ടോദിയ മൂന്നാം തവണയാണ് ടി.സി.എസ് മാരത്തണില്‍ പങ്കെടുക്കുന്നത്.
സരള ഭട്ടോദിയ
അധ്യാപികയായ സരള സര്‍വിസില്‍നിന്നു വിരമിച്ച ശേഷമാണ് കായികരംഗത്തേക്ക് തിരിയുന്നത്. മകനും ഭര്‍ത്താവും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. സരളയുടെ 251ആം മാരത്തണ്‍ ആണ് ഇത്. കൊൽക്കത്തയില്‍നിന്നുള്ള റിച്ചി ജന്മനാ കാഴ്ച പരിമിതനാണ്. അസോസിയേഷന് ഓഫ് പീപ്ള്‍ വിത്ത് ഡിസബിലിറ്റി എന്ന സംഘടനക്കു വേണ്ടി റിച്ചി മാരത്തണില്‍ പങ്കെടുത്തു. റിച്ചിയുടെ കണ്ണുകളായി പ്രിയ സുഹൃത്ത് സഹാനയും മാരത്തണില്‍ ഓടി.
ആന്ധ്ര സ്വദേശിയും കോറമംഗല നിവാസിയുമായ യെര്നമ്മയും ആദ്യമായാണ് മാരത്തണില്‍ ഓടുന്നത്. ‘എനേബ്ള്‍ ഇന്ത്യ’ എന്ന സംഘടനയില്‍ ട്രെയ്നര്‍ ആണ് യെര്നമ്മ. പുഞ്ചിരിയോടെ കൈകള്‍ പിടിച്ച് കുലുക്കുമ്പോള്‍ അടുത്ത തവണ പങ്കെടുക്കണമെന്നും ആത്മവിശ്വാസം കൂടിയെന്നും അവര്‍ പറഞ്ഞു. പ്രിയ കൂട്ടുകാരിയും സോഫ്റ്റ് വെയര്‍ എൻജിനീയറുമായ ശ്രീമയാണ് മാരത്തണില്‍ യെര്നമ്മക്ക് കൂട്ടിനെത്തിയത്.
യെര്നമ്മ
ഹാവേരി ജില്ലയിൽനിന്നുള്ള സൗദാഗര്‍ രണ്ടാം തവണയാണ് മാരത്തണില്‍ പങ്കെടുക്കുന്നത്. ദേശീയതലത്തില്‍ 35 മെഡലുകള്‍ നേടിയ സൗദാഗര്‍ 2018ലാണ് മോഡലിങ്ങിലേക്ക് എത്തുന്നത്. പാട്ടുകളെയും നൃത്തത്തെയും കൂട്ടുപിടിക്കുമ്പോഴും സ്പോട്സിനും തുല്യ പ്രാധാന്യം നല്കുന്നു. സൗദാഗറിനൊപ്പം ഹൊസ്പേട്ട് സ്വദേശി മഞ്ജുളയെ കണ്ടു.
സൗദാഗറും മഞ്ജുളയും
വീൽ ചെയർ ബാസ്കറ്റ് ബാള്‍, വീൽ ചെയർ ത്രോ ബാള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ കളിക്കാരികൂടിയാണ് മഞ്ജുള. വ്യത്യസ്തമായ അനുഭവങ്ങളാണ് മാരത്തണ്‍ സമ്മാനിച്ചതെന്നും ഒരുകൂട്ടം കൂട്ടുകാരെ തനിക്ക് ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.
അര്‍ബന്‍ റീഹാബിലിറ്റേഷന്‍ വര്‍ക്കറും ബന്നാര്‍ഘട്ട സ്വദേശിയുമായ വിജയ കുമാരിയും 10 വയസ്സുകാരന് പൃഥ്വിയുടെയും കന്നി ഓട്ടമായിരുന്നു ഇത്. മാരത്തണ്‍ കഴിഞ്ഞ് തളര്‍ന്ന് ഇരിക്കുന്ന പൃഥ്വിയുടെ കണ്ണുകളില്‍ പക്ഷേ, പ്രതീക്ഷയുടെ തിളക്കമാണ്. മകനൊപ്പം മാരത്തണ്‍ ഓടിയ സന്തോഷത്തിലാണ് വിജയകുമാരി.
പൃഥ്വിയും അമ്മ വിജയ കുമാരിയും
ടി.സി.എസ് 10 കെ മാരത്തണിലെ പതിവു ഓട്ടക്കാരനായ എന്‍.എസ്. ദത്താത്രേയയെയും കണ്ടുമുട്ടി. 2019 ജനുവരിയിലാണ് മാരത്തണ്‍ യാത്ര ആരംഭിച്ചത്.
എന്‍.എസ്. ദത്താത്രേയ
നിരവധി മാരത്തണിലും വാക്കത്തണിലും പങ്കെടുത്ത അദ്ദേഹം പ്രായം വെറുമൊരു നമ്പറായി മാത്രം കണ്ടുകൊണ്ട് ആവേശത്തോടെ മാരത്തണില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

