ഭക്ഷണത്തിൽ പാറ്റ; ചോദ്യം ചെയ്ത അഭിഭാഷകയെ മർദിച്ചതായി പരാതി
text_fieldsബംഗളൂരു: നഗരത്തിലെ ഹോട്ടലിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത് ചോദ്യം ചെയ്ത ഹൈകോടതി അഭിഭാഷകയെ ഹോട്ടൽ ജീവനക്കാർ മർദിച്ചതായി പരാതി.
രാജ്ഭവൻ റോഡിലെ കാപിറ്റോൾ ഹോട്ടലിനെതിരെയാണ് കർണാടക ഹൈകോടതി അഭിഭാഷക ഷീല ദീപക് പരാതി നൽകിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. യുവതി ഓർഡർ ചെയ്ത പനീർ ബട്ടർ മസാലയിൽ പാറ്റയെ കണ്ടെത്തിയതോടെ ഈ വിവരം ജീവനക്കാരെ അറിയിച്ചു. രണ്ടു വനിത ജീവനക്കാരികളും ഒരു പുരുഷ ജീവനക്കാരനുമാണ് ആ സമയം അവിടെയുണ്ടായിരുന്നത്. ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ കാര്യം അഭിഭാഷക ഫുഡ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ചറിയിച്ചു. ഇതോടെ ജീവനക്കാർ അടുക്കള വൃത്തിയാക്കാൻ ആരംഭിച്ചു. ഇൻസ്പെക്ടർ വരുന്നതുവരെ അടുക്കള വൃത്തിയാക്കരുതെന്ന് ആവശ്യപ്പെട്ട അഭിഭാഷക, അടുക്കളയുടെ ദൃശ്യങ്ങളുടെ വിഡിയോ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.
ഇതോടെ ജീവനക്കാർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 506, 341, 504, 353 അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

