ബംഗളൂരു സ്വർണക്കടത്ത് കേസ്:ഒരു പ്രതികൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു സ്വർണക്കടത്ത് കേസിൽ ഒരു പ്രതിയെക്കൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തു. ബെള്ളാരി സ്വദേശിയായ ജ്വല്ലറി ഉടമ സാഹിൽ ജെയിൻ ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുഖ്യപ്രതി നടി രന്യ റാവു, രണ്ടാം പ്രതി ബംഗളൂരുവിലെ ഹോട്ടൽ വ്യവസായി തരുൺ രാജു എന്നിവർ നേരത്തേ പിടിയിലായിരുന്നു.
കള്ളക്കടത്ത് നടത്തിയ സ്വർണം ഉരുക്കി വിൽക്കാൻ രന്യയെ സഹായിച്ചയാളാണ് ഇന്നലെ പിടിയിലായ സാഹിൽ ജെയിൻ. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അതേസമയം, മുഖ്യപ്രതി നടി രന്യ റാവുവിന്റെ (33) ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ നടി സമർപ്പിച്ച ജാമ്യ ഹരജിയാണ് വ്യാഴാഴ്ച തള്ളിയത്. നിലവിൽ ഡി.ആർ.ഐ കസ്റ്റഡിയിൽ കഴിയുകയാണ് രന്യ റാവു.
മാർച്ച് മൂന്നിന് ബംഗളൂരു വിമാനത്താവളത്തിൽ 12.56 കോടി വിലവരുന്ന 14.8 കിലോ സ്വർണമാണ് രന്യ റാവുവിൽനിന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പിടികൂടിയത്. അറസ്റ്റിനു പിന്നാലെ രന്യയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപ പണവും കണ്ടെടുത്തിരുന്നു.
കർണാടക ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ. കേസിൽ ഡി.ജി.പിയുടെ പങ്ക് സംബന്ധിച്ച അന്വേഷണവും നടക്കുന്നതിനാൽ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലിയൊരു കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണ് നടി രന്യ റാവുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

