ബംഗളൂരുവിൽ സി.ജെ.പി പ്രതിഷേധം
text_fieldsബംഗളൂരു ഫ്രീഡം പാർക്കിൽ സി.ജെ.പി സംഘടിപ്പിച്ച ധർണ
ബംഗളൂരു: സോനം വങ്‌ചുക്കിനെ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ബലമായി നീക്കിയ നടപടിയിലും നീറ്റ് പരീക്ഷാ ചോർച്ചയിലും പ്രതിഷേധിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ തിങ്കളാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ധർണയിൽ വൻ ജനപങ്കാളിത്തം . ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ധർണയിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. വിദ്യാർഥികൾ, യുവ ഉദ്യോഗസ്ഥർ, സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കന്നടയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാർഡുകളേന്തി പ്രകടനമായാണ് പ്രതിഷേധക്കാർ ധർണക്കെത്തിയത്. പ്രതിഷേധ യോഗത്തിൽ സംസാരിച്ച പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ കിഷോർ സമരം പരീക്ഷാ ക്രമക്കേടുകളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്ന് പറഞ്ഞു. കർഷകർ, തൊഴിലാളികൾ, ദലിത് വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം നിലനിൽക്കുന്നതെന്നും വങ്‌ചുക്കിനെ ബലമായി നീക്കിയ നടപടി ദൗർഭാഗ്യകരമാണെങ്കിലും അത് കൂടുതൽ ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിന്റെ ഭാഗമായി കർണാടകയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഡൽഹിയിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ‘പാർലമെന്റ് മാർച്ചി’ൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ബംഗളൂരു ഫ്രീഡം പാർക്കിലെ സമാധാനപരമായ പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

