ബെല്ലാരി കോൺഗ്രസ് പ്രവർത്തകന്റെ കൊലക്കേസ്; സി.ഐ.ഡിക്ക് കൈമാറും -ആഭ്യന്തര മന്ത്രി
text_fieldsഡോ.ജി.പരമേശ്വര
ബംഗളൂരു: ബെല്ലാരിയിൽ വ്യാഴാഴ്ച അക്രമസംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് (സി.ഐ.ഡി) കൈമാറുമെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. ബി.ജെ.പി എം.എൽ.എ ജി. ജനാർദന റെഡ്ഡിയുടെ വസതിക്ക് സമീപം ബാനർ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമായിരുന്നു സംഘർഷത്തിലും കോൺഗ്രസ് പ്രവർത്തകൻ രാജശേഖരന്റെ കൊലപാതകത്തിലും കലാശിച്ചത്.
ബി.ജെ.പി എം.എൽ.എയുടെയും കോൺഗ്രസ് എം.എൽ.എ നരഭാരത് റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ സംഘർഷമുണ്ടായി. സ്വകാര്യ തോക്കുകളുടെ ഉപയോഗത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ വെടിവെപ്പാണ് സംഭവിച്ചത്. സ്വകാര്യ സുരക്ഷക്കായി നിയമിച്ച ഗൺമാന്മാരുടെ തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് നേരത്തേ വിവരം ലഭിച്ചിരുന്നു.
ഇനി ബാലിസ്റ്റിക് വിദഗ്ധന്റെ റിപ്പോർട്ട് ഏത് തോക്കിൽനിന്നാണ് വെടിവെച്ചതെന്ന് വെളിപ്പെടുത്തും. ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരോട് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പൊലീസ് തോക്ക് ഉപയോഗിച്ചല്ല വെടിവെപ്പ് നടന്നതെന്ന് എ.ഡി.ജി.പി തന്നോട് പറഞ്ഞിരുന്നു. സ്വകാര്യ ഗൺമാന്മാരുടെ പങ്കാളിത്തം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കും. ഇരുവശത്തുനിന്നും പരാതികൾ ലഭിച്ചു. തോക്കുകളോ ഹാൻഡ് ഗ്രാനേഡുകളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. ജനാർദന റെഡ്ഡി ബെല്ലാരിയിൽ എത്തുന്നതുവരെ ഒരു ബഹളവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

