ബി.ബി.എം.പി പുനഃസംഘടനാ ബിൽ നിയമസഭയിൽ അവതരിപ്പിക്കും
text_fieldsബംഗളൂരു: ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പുനഃസംഘടന ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്ന ഗ്രേറ്റർ ബംഗളൂരു ഗവേണൻസ് ബിൽ 2024ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ബി.ബി.എം.പി പത്ത് കോർപറേഷൻ വരെയാക്കി വിഭജിക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയതാണ് ബിൽ. ഇതോടെ ബംഗളൂരുവിലെ വാർഡുകളുടെ എണ്ണം നിലവിലുള്ള 225ൽ നിന്ന് 400 ആയി ഉയരും.
ചൊവ്വാഴ്ച ആരംഭിച്ച നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീൽ അധ്യക്ഷനായ നാലംഗ സമിതി തയാറാക്കിയ കരട് രേഖയിലെ നിർദേശങ്ങളടക്കം ഉൾക്കൊണ്ടുള്ളതാണ് ഗ്രേറ്റർ ബംഗളൂരു ഗവേണൻസ് ബിൽ 2024. ബംഗളൂരുവിന്റെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ബംഗളൂരു വികസനത്തിന്റെ ഏകോപനം, മേൽനോട്ടം എന്നിവക്കായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) എന്ന സ്ഥാപനത്തിന്റെ രൂപവത്കരണം ബില്ലിൽ പറയുന്നുണ്ട്. കൂടാതെ, ഒന്നിലധികം കോർപറേഷനുകൾ രൂപവത്കരിക്കാനും നിർദേശമുണ്ട്. ഇതിലൂടെ കാര്യക്ഷമമായ ഭരണം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.
ബില്ല് പ്രകാരം, നഗരത്തിലെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല വാർഡ് കമ്മിറ്റികൾക്കാണ്. ഇതിനു മുകളിലാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ മേൽനോട്ടത്തിൽ കോർപറേഷനുകളുടെ പ്രവർത്തനം നടക്കുക. മുഖ്യമന്ത്രി, ബംഗളൂരു വികസന മന്ത്രി എന്നിവരുടെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയുടെ കാലയളവിൽ ബി.ബി.എം.പിയെ മൂന്നായി വിഭജിക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ, നിയമസഭ കൗൺസിലിന്റെ പിന്തുണ ലഭിക്കാതെ വന്നതോടെ നീക്കം പരാജയപ്പെട്ടു. അതേസമയം ഒരു കോർപറേഷന് കീഴിൽ ബംഗളൂരുവിന്റെ പ്രവർത്തനം നടത്താനുള്ള തീരുമാനവുമായാണ് കഴിഞ്ഞ ബി.ജെ.പി സർക്കാർ മുന്നോട്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

