ബി.ബി.എം.പി ലാബിലെ തീപിടിത്തം ബി.ജെ.പി ‘സൃഷ്ടി’യെന്ന് പ്രചാരണം
text_fieldsബംഗളൂരു: ബി.ബി.എം.പി ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ഡിവിഷനിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബി.ബി.എം.പി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പൊലീസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അന്വേഷണത്തിനു പുറമെയാണിത്. തീപിടിത്തത്തിൽ ഒമ്പതു പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു ഡി.കെ. മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്ത് 2019 മുതൽ 2023 വരെയുള്ള പ്രവൃത്തികളിൽ കരാറുകാരുടെ കുടിശ്ശിക ബില്ലുകൾ മാറ്റിനൽകാത്ത വിഷയം ചൂടുപിടിച്ചുനിൽക്കുകയാണ്.
എന്നാൽ, ബി.ജെ.പി കാലത്ത് നടന്ന പ്രവൃത്തികളുടെ ഗുണമേന്മയും ക്രമക്കേടും അന്വേഷിക്കുകയാണെന്നും ഇതിനാലാണ് ബില്ലുകൾ മാറിനൽകാത്തതെന്നുമാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ ഉപമുഖ്യമന്ത്രിയും കരാറുകാരും തമ്മിൽ ശീതസമരം നടക്കുകയാണ്. ബി.ബി.എം.പി ആസ്ഥാനത്തുള്ള പ്രവൃത്തികളുടെ രേഖകൾ നശിപ്പിക്കാൻ ബി.ജെ.പി ഉണ്ടാക്കിയ തീപിടിത്തമാണ് ഇതെന്ന് സംഭവത്തിന് തൊട്ടുടനെ കോൺഗ്രസിന്റെ സമൂഹമാധ്യമ പേജുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശിവകുമാറിന്റെ പ്രതികരണം. എന്നാൽ, തീപിടിത്തം സംബന്ധിച്ച കോൺഗ്രസ് പ്രചാരണങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

