ബി.ബി.എം.പി ഇനിയില്ല; ബംഗളൂരു ഇനി അഞ്ച് കോർപറേഷനുകള്‍
text_fieldsബി.ബി.എം.പി ഹെഡ് ഓഫിസിന്റെ നെയിം ബോർഡ് മാറ്റി പകരം ഗ്രേറ്റർ ബംഗളൂരു അതോറിറ്റി എന്നാക്കിയപ്പോൾ
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഇനി ഓർമയാവും. പകരം പുതിയ അഞ്ച് മുനിസിപ്പല്‍ കോർപറേഷനുകള്‍ നിലവില്‍വന്നു. ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ എന്നിവയാണ് പുതിയ കോർപറേഷനുകള്‍.
അഞ്ച് കോര്‍പറേഷനുകളിൽ 27 നിയമസഭ മണ്ഡലങ്ങളും 197 വാര്‍ഡുകളും ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഗ്രേറ്റര്‍ ബംഗളൂരു ഏരിയ ഡെവലപ്മെന്റ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളിലുള്ള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമാണ് മാറ്റമെന്നും ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്താനും പുരോഗതി ലക്ഷ്യമിട്ടുമാണ് പരിഷ്കരണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
പ്രവൃത്തി പരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ അഞ്ച് കോര്‍പറേഷനുകളിലെ കോർപറേഷന് കമീഷണർ തസ്തികയിലേക്കും അതാത് മേഖലയിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി സാങ്കേതിക മേഖലയിലും മറ്റ് മേഖലകളിലേക്കും നിയമിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് കോർപറേഷന് കമീഷണര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍, വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സര്‍ക്കാര്‍ വൈകാതെ പുറപ്പെടുവിക്കും. ഖാത്ത വിതരണം, നിലവിലുള്ള നിർമാണ പ്രവര്‍ത്തനങ്ങള്‍, കെട്ടിട നിയമ ലംഘനത്തെക്കുറിച്ചുള്ള പരാതികള്‍ എന്നിവയെ ഈ മാറ്റം സാരമായി ബാധിക്കും. വാര്‍ഡുകളിലെ ഓഫിസര്‍മാര്‍ പഴയതുപോലെ തുടരുമെങ്കിലും സോണല്‍, ഡിവിഷനല്‍, സബ്- ഡിവിഷനല്‍ എന്നിവയിലെ ജീവനക്കാരുടെ എണ്ണത്തിലും പ്രവര്‍ത്തനരീതിയിലും മാറ്റം സംഭവിക്കും.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ എം. മഹേശ്വര് റാവു പറഞ്ഞു. കോർപറേഷനുകളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ അപാകതയൊന്നുമില്ല. കോർപറേഷനുകള്‍ പുതിയ ബജറ്റ് അവതരിപ്പിക്കില്ല. പക്ഷേ, അവക്ക് അനുബന്ധ ബജറ്റ് പാസാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2007ല്‍ രൂപവത്കരിച്ച ബി.ബി.എം.പി വിഭജിക്കുന്നുവെന്ന വാര്‍ത്തക്ക് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നത്. ഭരണസംവിധാനം കൂടുതല്‍ എളുപ്പമാകുമെന്ന് ഒരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്നു. പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് പരിമിതമായ സാമ്പത്തിക പിന്തുണ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കുന്ന ഗ്രാന്റുകളില്‍ ഭൂരിഭാഗവും ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ക്കാണ് ലഭിക്കുക എന്നുമാണ് മറ്റൊരു വിഭാഗം ആളുകളുടെ അഭിപ്രായം.
സുപ്രീംകോടതിയിൽ സമർപ്പിച്ച തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പ്രകാരം വാര്‍ഡ് അതിര്‍ത്തി നിര്‍ണയം നവംബര്‍ ഒന്നോടുകൂടി പൂര്‍ത്തിയാകും. നവംബര്‍ അവസാനത്തോടെ വാര്‍ഡ് സംവരണ വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 21ന് നിയമനിർമാണ കൗൺസിലിൽ ഗ്രേറ്റർ ബംഗളൂരു ഭേദഗതി ബിൽ 2025 പാസാക്കിയിരുന്നു.
ഇംഗ്ലീഷ് പേരിനെച്ചൊല്ലി തര്‍ക്കം
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പിരിച്ചുവിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) രൂപവത്കരിച്ചതോടെ കന്നട സംഘടനകൾ പേരിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തി. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ സ്ഥാപനങ്ങളുടെ പേരുകൾ പരിഗണിക്കുമ്പോൾ ഔദ്യോഗിക ഭാഷക്കും പ്രാദേശിക ഭാഷക്കും പ്രധാന്യം നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുറുമുറപ്പ്. മുംബൈ മുനിസിപ്പാലിറ്റി, ‘ബ്രിഹൻ മുംബൈ മഹാനഗർ പാലിക’എന്നും ചെന്നൈ മുനിസിപ്പാലിറ്റി, ‘പെരുനഗര ചെന്നൈ മാനാഗ്-ആരാച്ചി’എന്നുമാണ് അറിയപ്പെടുന്നത്.
മുനിസിപ്പാലിറ്റിക്ക് കന്നട പേരിനുള്ള നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ എം. മഹേശ്വര് റാവു പറഞ്ഞു. കന്നട വികസന അതോറിറ്റി (കെ.ഡി.എ) ചെയര്മാന് പുരുഷോത്തമന് ബിലിമലെ ബംഗളൂരു മുനിസിപ്പാലിറ്റിയുടെ കന്നട പേരിനെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതി.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റി എന്ന പേര് ഇംഗ്ലീഷ് ഭാഷയില്‍നിന്ന് കടമെടുത്തതാണ് അതിനാല്‍തന്നെ പേരിന് കന്നട പരിച്ഛേദം നല്‍കണം എന്നാണ് കെ.ഡി.എയുടെ അഭിപ്രായം. കന്നട പേര് നല്കുമ്പോള് ഭാഷക്ക് ജനങ്ങളില്‍നിന്ന് ബഹുമാനം ലഭിക്കുക മാത്രമല്ല വൈകാരികമായ ഒരടുപ്പം ഉണ്ടാകുന്നുവെന്നും അതിനാല്‍ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി എന്ന പേരിന് പകരം കന്നട പദം ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും ബിലിമലെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
അഞ്ച് കോര്‍പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനം കന്നടിഗര്ക്കയി സംവരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ഡി.എ ചെയര്മാന് ഇതിന് മുമ്പ് സര്‍ക്കാറിന് കത്തെഴുതിയിരുന്നു. ചില പ്രദേശങ്ങളില്‍ കന്നടിഗരല്ലാത്തവരാണ് ഭൂരിപക്ഷം എന്ന വസ്തുത കണക്കിലെടുത്താണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

