തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ 2.8 കോടിയുടെ പദ്ധതിയുമായി ബി.ബി.എം.പി
text_fieldsബംഗളൂരു: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ 2.8 കോടി രൂപയുടെ പദ്ധതിയുമായി ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി). ദിനേന ഏകദേശം 5,000 തെരുവുനായ്ക്കൾക്ക് നോൺവെജ് ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. ബി.ബി.എം.പിയുടെ ഓരോ സോണിലും 400 മുതൽ 500 നായ്ക്കളെവരെ ഉൾപ്പെടുത്തി എട്ട് സോണുകളിലായാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ആക്ഷൻ പ്ലാൻ ബി.ബി.എം.പി കമീഷണർക്ക് സമർപ്പിച്ചതായും അനുമതി ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് നീങ്ങുമെന്നും സ്പെഷൽ കമീഷണർ സുരൽകർ വികാസ് കിഷോർ പറഞ്ഞു. ഒരു നായ്ക്ക് 700 മുതൽ 750 കലോറിവരെയുള്ള ഭക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നത്. വെറ്ററിനറി വിദഗ്ധരുടെ നിർദേശപ്രകാരം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. തെരുവുനായ്ക്കളുടെ കടിയേറ്റുള്ള കേസുകൾ വർധിച്ചതോടെയാണ് ഇത്തരമൊരു പദ്ധതിയുമായി ബി.ബി.എം.പി മുന്നോട്ടുവരാൻ കാരണം.
വിശപ്പില്ലാത്ത നായ്ക്കൾ ആളുകളെ ആക്രമിക്കില്ലെന്നും തെരുവുനായ്ക്കളുടെ ആക്രമണ സ്വഭാവം കുറക്കുന്നതിനായാണ് ഭക്ഷണം നൽകുന്ന പദ്ധതി അവതരിപ്പിക്കുന്നതെന്നും സ്പെഷൽ കമീഷണർ വിശദീകരിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ചില വാർഡുകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. ഓരോ നായ്ക്കും ദിവസം ഏകദേശം 22 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നായ്ക്കൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബി.ബി.എം.പി പരിധിയിൽ അടുക്കളയൊരുക്കും. ഭക്ഷണ വിതരണം ചെയ്തശേഷം പ്രദേശം ശുചിത്വമാക്കും.
ബംഗളൂരു നഗരത്തിൽ ഏകദേശം 2.8 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നഗരത്തിലെ രണ്ടു ശതമാനം മാത്രം നായ്ക്കളെയാണ് ലക്ഷ്യമിടുന്നത്. പദ്ധതി വിജയകരമായാൽ ഇത് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബി.ബി.എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

