ബംഗളൂരുവിൽ ആദ്യമായി ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു
text_fieldsബംഗളൂരു: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ആദ്യമായി ബംഗളൂരുവിൽ പ്രദർശിപ്പിച്ചു. ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) നേതൃത്വത്തിലാണ് ബി.ജെ.പി ഭരിക്കുന്ന കർണാടകയുടെ തലസ്ഥാനത്ത് പ്രദർശനം നടത്തിയത്. ഇൻഫെൻട്രി റോഡിലെ സംഘടനയുടെ ഓഫിസിൽ ശനിയാഴ്ച രാത്രിയാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ജനുവരി 25ന് ഇതുമായി ബന്ധപ്പെട്ട ക്ഷണവും സമൂഹമാധ്യമങ്ങളിലൂടെ നടന്നിരുന്നു. ‘ഇന്ത്യയിലെ വർഗീയതയുടെ ഉദയം’ വിഷയത്തിൽ ചർച്ചയും നടന്നു. എന്നാൽ, ക്ഷണക്കത്തിൽ ഡോക്യുമെന്ററിയുടെ പേര് പറഞ്ഞിരുന്നില്ല. 40ഓളം വിദ്യാർഥികൾ പ്രദർശനത്തിലും ചർച്ചയിലും പങ്കെടുത്തുവെന്ന് സംഘടന അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി), അസിം പ്രേംജി യൂനിവേഴ്സിറ്റി, ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്സ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പ്രദർശനം കാണാനെത്തിയത്. പ്രദർശനം തടസ്സങ്ങളില്ലാതെ നടന്നുവെന്നും ഡോക്യുമെന്ററി നിരോധനം സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും നേരെയുള്ള ലംഘനമാണെന്നും ഭാരവാഹികൾ പറഞ്ഞു.
എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി പ്രദർശനത്തിനെതിരെ പ്രതിഷേധമൊന്നും ഉയർത്താതെ പൊലീസാണ് നടപടിയെടുക്കേണ്ടത് എന്ന നിലപാടാണ് സ്വീകരിച്ചത്. നിരോധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് പൊലീസ് ആണെന്ന് ബി.ജെ.പി ഉപവക്താവ് എസ്. പ്രകാശ് പറഞ്ഞു. എന്നാൽ, ഇത് ഇന്റർനെറ്റിന്റെ കാലമാണെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്കയില്ലെന്നുമാണ് ചില പാർട്ടിവൃത്തങ്ങളുടെ നിലപാട്. ഏതെങ്കിലും സ്കൂളിലോ കോളജുകളിലോ പ്രദർശനം നടന്നിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രദർശനം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

