ബഷീർ മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ -കെ.ഇ.എൻ
text_fieldsബംഗളൂർ മലയാളി റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച ബഷീർ ഓർമയിൽ കെ.ഇ.എൻ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: വലിയ ആശയ വ്യവസ്ഥകളിലൂടെയോ അധികാരത്തിന്‍റെ കസേരകളിലൂടെയോ അല്ല മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ പറഞ്ഞു. ബാംഗ്ലൂർ റൈറ്റേഴ്‌സ് ആന്‍ഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ‘ബഷീർ ഓർമ’ സംവാദത്തിൽ ‘ബഷീർ കണ്ട ലോകം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബഷീറിന്‍റെ എഴുത്ത് ഒരു സാഹിത്യ പ്രവർത്തനം മാത്രമല്ല ആത്മാഭിമാനത്തിന്‍റെ പ്രഖ്യാപനവും പ്രതിരോധ ചിന്തയുമാണ്. സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ബഷീറിന്‍റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തരായി തുടരുന്നത് അവ മനുഷ്യന്‍റെ അടിസ്ഥാന അനുഭവങ്ങളിൽ നിന്നാണ് പിറവിയെടുത്തതെന്നതുകൊണ്ടാണ്. ബഹിഷ്കൃതരുടെയും ഭ്രഷ്ടരുടെയും സമാന്തര ലോകം കണ്ട് പകച്ചുപോയ അനുഭവം 1980കളിൽ ആദ്യമായി ബഷീർ കൃതികൾ വായിച്ചപ്പോൾ ഉണ്ടായതായും ആ പകപ്പ് ഇന്നും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അശ്ലീല ഫാഷിസം വളരാത്തിടത്തോളം ബഷീർ നിലനിൽക്കും എന്ന ഒ.വി. വിജയൻ നടത്തിയ എക്കാലത്തെയും പ്രസക്തമായ നിരീക്ഷണം അനുസ്മരിച്ച കെ.ഇ.എൻ, മനുഷ്യനെ അപമാനിക്കുന്ന എല്ലാ അധികാരഘടനകൾക്കും എതിരായ എഴുത്താണ് ബഷീറിന്‍റെതെന്ന് ചൂണ്ടിക്കാട്ടി. റൈറ്റേഴ്‌സ് ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, ഇന്ദിര ബാലൻ, ടി.പി. വിനോദ്, ടി.എ. കലിസ്റ്റസ്, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തൻചിറ, തങ്കച്ചൻ പന്തളം, സിന കെ.എസ്, ആർ.വി. ആചാരി, ഡെന്നിസ് പോൾ, അനീസ് സി.സി.ഒ, കെ.ആർ. കിഷോർ, ടി.എം. ശ്രീധരൻ, ടോമി ആലുങ്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശാന്തകുമാർ സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

