പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റവരെ ബസനഗൗഡ പാട്ടീൽ സന്ദർശിച്ചു
text_fieldsമംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമായ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ വെള്ളിയാഴ്ച അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പുത്തൂർ പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബി.ജെ.പി പ്രവർത്തകരെ സന്ദർശിച്ച വിജയപുര എം.എൽ.എയും പാർട്ടി നേതാവുമായ ബസന ഗൗഡ പാട്ടീൽ യത്നാലിനെ പിന്തുടർന്ന ജില്ലയിലെ നേതാക്കളെ പാർട്ടി പ്രവർത്തകർ തള്ളി പുറത്താക്കി. പുത്തൂർ മണ്ഡലത്തിൽ ബി.ജെ.പി വിമതനായി മത്സരിച്ച അരുൺ കുമാർ പുട്ടിലയും അനുയായികളും ചേർന്നാണ് ഉച്ചക്കുശേഷം നാടകീയ നീക്കങ്ങൾ നടത്തിയത്.
പരിക്കേറ്റ് കിടക്കുന്നവരെ അരുണിനും അനുയായികൾക്കും ഒപ്പം കണ്ട് സംസാരിച്ച യത്നാൽ കുഴപ്പങ്ങളിലേക്ക് കടക്കാതെ ഒരുമയോടെ സംഘടന ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പ് എത്താറായെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ആർ.എസ്.എസ് കാര്യാലയത്തിലാണ് യത്നാൽ ആദ്യം എത്തിയത്. തുടർന്ന് ബി.ജെ.പി ഓഫിസിലും.
പുത്തൂർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബി.ജെ.പി വിമത പ്രവർത്തകരെ മർദിച്ചുവെന്ന പരാതിയിൽ എസ്.ഐ ശ്രീനാഥ് റെഡ്ഢി, കോൺസ്റ്റബ്ൾ ഹർഷിദ് എന്നിവരെ വ്യാഴാഴ്ച ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അമാതെ വിക്രം സസ്പെൻഡ് ചെയ്തിരുന്നു. പുത്തൂർ ഡിവൈ.എസ്.പി വീരയ്യ ഹിരെമഠിനെ കേസിൽ പ്രതി ചേർക്കുകയും ചെയ്തു.
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭി എന്ന അവിനാശിന്റെ (26) പിതാവ് വേണുനാഥ് നൽകിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. കേസ് അന്വേഷണം ബണ്ട്വാൾ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പിയെയും മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെയും അവഹേളിക്കുന്ന പോസ്റ്റർ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർക്കാണ് മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

