ബന്നാർഘട്ട പരിസ്ഥിതി ലോല മേഖല: റിപ്പോർട്ട് പുനഃസ്ഥാപിക്കണം -സി.ഇ.സി
text_fieldsബംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിന്‍റെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച (ഇ.എസ്.ഇസഡ്) 2020ലെ സർക്കാർ വിജ്ഞാപനം പിൻവലിക്കാനും 2016ലെ കരട് വിജ്ഞാപന പ്രകാരം ഇ.എസ്.ഇസഡ് ആറ് മാസത്തിനുള്ളിൽ പുനഃസ്ഥാപിക്കാനും കേന്ദ്ര ഉന്നതാധികാര സമിതി (സി.ഇ.സി) ശിപാര്‍ശ.
ബന്നാർഘട്ട നാഷനൽ പാർക്കിന്‍റെ (ബി.എൻ.പി) അതിർത്തിക്ക് ചുറ്റുമുള്ള ഇ.എസ്.ഇസഡ് മേഖല കുറക്കുന്നതിനെ ചോദ്യം ചെയ്ത് കെ.ബി. ബെല്ലിയപ്പയും മറ്റുള്ളവരും സമർപ്പിച്ച ഹരജിയുടെ പശ്ചാത്തലത്തിലാണ് സി.ഇ.സി ശിപാർശ. ബി.എൻ.പിയുടെ അതിർത്തിയിൽനിന്ന് 100 മീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ദൂരത്തിലാണ് 2017ൽ ഇ.എസ്.ഇസഡ് നിർദേശിക്കപ്പെട്ടതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. 2020ലെ വിജ്ഞാപന പ്രകാരമിത് 100 മീറ്ററായി കുറച്ചു. തദ്ഫലമായി ഇ.എസ്.ഇസഡിന്‍റെ കീഴിലുള്ള മൊത്തം വിസ്തീർണം 268.96 ചതുരശ്ര കിലോമീറ്ററിൽനിന്ന് 168.84 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇത് ബഫർ സോണിന്‍റെ ഏകദേശം 100 ചതുരശ്ര കിലോമീറ്ററിലേക്കുള്ള സംരക്ഷണം ഇല്ലാതാക്കി. ഭൂമിയുടെ വലിയ തോതിലുള്ള വാണിജ്യവത്കരണത്തിലേക്ക് ഇത് വഴിതെളിച്ചു. തദ്ഫലമായി റിസോർട്ടുകൾ കൂണുപോലെ മുളച്ചുപൊങ്ങുകയും ഇ.എസ്.ഇസഡിന് പുറത്ത് അനിയന്ത്രിത പാറ ഖനനം നടക്കുകയും ചെയ്തു. ലേഔട്ടുകൾക്കായി തങ്ങളുടെ ഭൂമി വിൽക്കാൻ സമ്മർദം ചെലുത്തിയതായി കർഷകർ പറഞ്ഞു. കർണാടകയിലെയും തമിഴ്‌നാട്ടിലെയും മൂന്ന് വന്യജീവി സങ്കേതങ്ങൾക്കൊപ്പം ബന്നാർഘട്ട ദേശീയോദ്യാനവും ചേര്‍ത്ത് ഏകദേശം 3000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
100ഓളം ആനകൾ വനത്തിലുണ്ട്. കൂടാതെ കരടിക്കൽ-മാതേശ്വര ഇടനാഴി, താലി-ബിലിക്കൽ ഇടനാഴി, ബിലിക്കൽ- ജൗലഗിരി ഇടനാഴി എന്നിവയുമായി ബന്ധിപ്പിക്കുന്ന മൂന്ന് ആന ഇടനാഴികളുമുണ്ട്. വന്യജീവി ഇടനാഴികളുടെ ഭാഗമായ റവന്യൂ മേഖലകൾ ഇ.എസ്.ഇസഡിന്‍റെ ഭാഗമാക്കണമെന്ന് പരിസ്ഥിതി വനംവകുപ്പിന്‍റെ (എം.ഒ.ഇ.എഫ്) 2011ലെ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു. വിദഗ്ധ സമിതിയല്ല മന്ത്രിസഭ ഉപസമിതിയാണ് ഇ.എസ്.ഇസഡ് കുറക്കൽ നടപടി സ്വീകരിച്ചതെന്നും ഇത് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നും സി.ഇ.സി ചൂണ്ടിക്കാട്ടി. എം.ഒ.ഇ.എഫ്, ഇ.എസ്.ഇസഡ് വിജ്ഞാപനം പിൻവലിക്കേണ്ടതുണ്ട്. 2016ലെ കരട് വിജ്ഞാപനത്തിൽ നിർദേശിച്ച 268.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള യഥാർഥ പരിസ്ഥിതി മേഖല പൂർണമായും പുനഃസ്ഥാപിക്കണം. പരിസ്ഥിതി മേഖല പുനർനിർമിക്കുന്നതിനുള്ള പ്രവര്‍ത്തനം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ബന്നാർഘട്ടയിലെ തിരിച്ചറിഞ്ഞ ആന ഇടനാഴികളും പാരിസ്ഥിതികമായി പ്രധാനപ്പെട്ട ഭാഗങ്ങളും നഗര വികസനത്തിന്‍റെയോ നഗരത്തിനു പുറത്തുള്ള വികസനത്തിന്‍റെയോ പേരിൽ മാത്രം പരിമിതപ്പെടുത്താൻ കഴിയില്ലെന്നും അത്തരം നിയന്ത്രണം ഒരു പരിധിവരെ ആളുകളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ ഇ.എസ്.ഇസഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് ലോല മേഖലക്ക് നാശനഷ്ടങ്ങൾ വരുത്തിയതെന്ന് പരിസ്ഥിതി പ്രവർത്തക കിരൺ ഉർസ് പറഞ്ഞു. 4.5 കിലോമീറ്റർ ബഫർ സോണിൽ സംഭവിച്ച നാശനഷ്ടങ്ങൾ സർക്കാർ വിലയിരുത്തണം. കൂടുതൽ നാശനഷ്ടങ്ങളും വന്യജീവി സംഘർഷങ്ങളും തടയുന്നതിന് മുഴുവൻ ഭൂപ്രകൃതിയും പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

