നിരോധിത കോഴിയങ്കത്തിന് നേതൃത്വം നൽകി; എം.എൽ.എക്കെതിരെ കേസ്
text_fieldsഅങ്കക്കോഴികളുമായി അശോക് കുമാർ റൈ എം.എൽ.എ
മംഗളൂരു: നിയമ വിരുദ്ധമായ കോഴിയങ്കത്തിന് നേതൃത്വം നൽകി എന്നതിന് പുത്തൂർ മണ്ഡലം കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈ ഉൾപ്പെടെ 16 പേർക്കെതിരെ വിട്ടൽ പൊലീസ് കേസെടുത്തു. മുരളീധർ റൈയുടെ ഉടമസ്ഥതയിലുള്ള നെൽവയലിലാണ് കോഴിപ്പോര് സംഘടിപ്പിച്ചത്. നിയമവിരുദ്ധമായി കോഴിപ്പോര് നടക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടർന്ന് ബണ്ട്വാൾ താലൂക്കിലെ കെപു ഗ്രാമത്തിൽ വിറ്റൽ പൊലീസ് റെയ്ഡ് നടത്തി.
പരിശോധനക്കിടെ, കോഴിപ്പോരിനുള്ള കോഴികളെ കൈവശം വെച്ച് നിരവധി ആളുകൾ ഒത്തുകൂടിയതായി പൊലീസ് കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കെടുത്താൽ ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് വിശദീകരിച്ചു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന എം.എൽ.എ കോഴിപ്പോര് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
തുളുനാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട കോഴിയങ്കത്തിന് നേരെ കണ്ണടക്കുകയാണ് പൊലീസ് ചെയ്യാറുള്ളതെന്ന് പറഞ്ഞ എം.എൽ.എ പ്രദേശത്തിന്റെ ആചാരങ്ങൾകൂടി അറിഞ്ഞു വെക്കുന്നത് നല്ലതാണെന്ന് പുതുതായി ചുമതലയേറ്റ എസ്.ഐയെ ഓർമിപ്പിച്ചു. വിട്ടൽ പൊലീസ് 16 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്തുനിന്ന് 22 കോഴികളെയും കോഴിപ്പോരിന് ഉപയോഗിക്കുന്ന മൂർച്ചയുള്ള കത്തികളും പൊലീസ് പിടിച്ചെടുത്തു.
ആവശ്യമായ അനുമതിയില്ലാതെ തന്റെ സ്വത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിന് ഭൂവുടമ മുരളീധർ റൈക്കെതിരെ വിട്ടൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ കോഴിപ്പോരിൽ ഉൾപ്പെട്ട 16 പേർക്കൊപ്പം എം.എൽ.എക്കെതിരെ പ്രേരണ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

