ബംഗളൂരുവിൽ ആദ്യത്തെ ഇരുനില മേൽപാലം പൂർത്തിയാവുന്നു
text_fieldsഇരട്ട നില മേൽപാലം
ബംഗളൂരു: സിൽക്ക് ബോർഡ് ജങ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം പകുതിയോടെ പൂർണമായി ഗതാഗതത്തിനായി തുറക്കും. ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ താഴത്തെ നിര വാഹനങ്ങൾക്കുള്ളതാണ്. മുകളിലെ നിര ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായിരിക്കും. ഫ്ലൈഓവറിന്റെ ഒരു ഭാഗം നേരത്തെ തുറന്നിരുന്നെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായിരുന്നില്ല.449 കോടി രൂപ ചെലവിൽ 3.3 കിലോമീറ്റർ ദൂരം വരുന്ന പാത യാത്രക്കാർക്ക് ട്രാഫിക് തടസ്സത്തിൽ മണിക്കൂറുകളോളം കുടുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായിക്കുന്നു.
ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കുന്നത്. റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽനിന്നാണ് മേൽപാലം ആരംഭിക്കുന്നത്. തുടർന്ന് സെൻട്രൽ സിൽക്ക് ബോർഡ് വരെ ട്രാഫിക് സിഗ്നൽ ഇല്ലാതെ യാത്ര ചെയ്യാനാകും. ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം.
റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേഔട്ട്, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് സിഗ്നൽ ഫ്രീയായി സഞ്ചരിക്കാനുമാകും. ഔട്ടർ റിങ് റോഡിലും ഗതാഗതം സുഗമമാകാൻ മേൽപാലം സഹായകരമാകും.നിലവിലുള്ള റോഡിനേക്കാൾ എട്ട് മീറ്റർ ഉയരത്തിലാണ് മേൽപാലത്തിന്റെ ആദ്യത്തെ നില. മെട്രോ പാതയുള്ള രണ്ടാമത്തെ നില ഉപരിതലത്തിൽനിന്ന് 16 മീറ്റർ ഉയരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

