മെട്രോ നിരക്ക് വർധനയിൽ കൊള്ളയെന്ന്, ശിപാർശ 51 ശതമാനം; വര്‍ധിപ്പിച്ചത് 105 ശതമാനം
text_fieldsബംഗളൂരു: ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് (ബി.എം.ആർ.സി.എൽ) നിരക്ക് വർധനയുടെ പേരിൽ നടപ്പാക്കിയത് കൊള്ളയെന്ന് ആക്ഷേപം. മെട്രോ നിരക്ക് നിർണയ കമ്മിറ്റി 51 ശതമാനം നിരക്ക് വർധന ശിപാർശ ചെയ്തിടത്ത് 105 ശതമാനം നിരക്ക് വര്‍ധിപ്പിച്ചാണ് ബി.എം.ആർ.സി.എൽ യാത്രക്കാരെ പിഴിഞ്ഞത്. 2025 ഫെബ്രുവരിയില്‍ നിരക്ക് വർധന നിലവിൽവന്ന് ഏഴ് മാസത്തിന് ശേഷമാണ് നിരക്ക് നിർണയ കമ്മിറ്റി (എഫ്.എഫ്.സി) റിപ്പോർട്ട് പുറത്തുവന്നത്.
കർണാടക ഹൈകോടതിയുടെ ഇടപെടലിനെയും പൊതുജന സമ്മർദത്തെയും തുടർന്നാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിരക്ക് വർധനയെ ന്യായീകരിക്കാൻ കോര്പറേഷന് അമിതമായ ചെലവ് കണക്കുകളാണ് കാണിച്ചതെന്നും ആരോപണമുണ്ട്. ജീവനക്കാരുടെ ചെലവ് 42 ശതമാനം, ഊർജ ചെലവ് 34 ശതമാനം, അറ്റകുറ്റപ്പണികളുടെയും ഭരണനിർവഹണത്തിന്റെയും ചെലവുകൾ 366 ശതമാനം എന്നിവ വർധിച്ചതായാണ് ബി.എം.ആർ.സി.എല്ലിന്റെ അവകാശവാദം.
എന്നാൽ, ഈ അവകാശവാദങ്ങൾ യാഥാർഥ്യത്തിൽനിന്ന് അകലെയാണെന്ന് എഫ്.എഫ്.സി റിപ്പോർട്ട് തെളിയിക്കുന്നു. ബി.എം.ആർ.സി.എല്ലിന്റെ യഥാർഥ പ്രവര്‍ത്തന പരിപാലന ചെലവ് 2017-18 വര്‍ഷത്തില്‍ 6.22 രൂപയിൽനിന്ന് 2023-24 ആയപ്പോള്‍ 8.68 രൂപയായി വർധിച്ചു. അതായത്, 39.6 ശതമാനത്തിന്റെ വർധന. നിരക്ക് വർധനക്ക് കാരണമായി ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് അവകാശപ്പെട്ടിരുന്നത് 105 ശതമാനത്തിന്റെ വർധനയായിരുന്നു. കിലോമീറ്ററിന് കൃത്യമായ ചെലവ് കണക്കുകൂട്ടലുകൾ നടത്തുന്നതിന് പകരം കോർപറേഷൻ ഒരു വെയ്റ്റഡ് ഇൻഡക്സ് സിസ്റ്റം ഉപയോഗിച്ചു. അത് ചെലവുകൾ ഇരട്ടിയായി കാണിച്ചു.
കൂടാതെ ഈ കാലയളവില്‍ മെട്രോ സര്‍വിസ് ദൂരം 42.3 കിലോമീറ്റര്‍ 70.7 കിലോമീറ്ററായി വര്‍ധിച്ച കാര്യം വരവ് ചെലവ് കണക്കുകൂട്ടലുകളില്‍ ഉള്‍പ്പെടുത്തിയതുമില്ല. രണ്ട് കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് മിനിമം നിരക്കായി എഫ്.എഫ്.സി നിര്‍ദേശിച്ചത് 10 രൂപയായിരുന്നു. എന്നാല്‍, ബി.എം.ആർ.സി.എൽ അത് 21 രൂപയായി കാണിച്ചു. ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് നിലവിലെ നിരക്കായ 23.50 രൂപ 40 രൂപയായി വര്‍ധിപ്പിക്കാമെന്നായിരുന്നു കമീഷന്റെ നിര്‍ദേശം.
എന്നാല്‍, കോര്പറേഷന് അത് 48 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 25 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് 80 രൂപ മുതല്‍ 90 രൂപ വരെയായിരുന്നു കമീഷന്റെ നിര്‍ദേശം. എന്നാല്‍, അത് 60 മുതല്‍ 123 വരെ ആക്കാനായിരുന്നു കോര്‍പറേഷന്റെ ആവശ്യം. 2017 മുതല്‍ വാര്‍ഷിക നിരക്ക് വര്‍ധന കമീഷന് കണക്കാക്കിയിരുന്നത് 6.9 ശതമാനമായിരുന്നെങ്കില്‍ കോർപറേഷന്റെ ആവശ്യം അത് 14 ശതമാനമാക്കാനായിരുന്നു.
നിലവിലെ 12 സ്ലാബുകളായിട്ടുള്ള നിരക്ക് 10 സ്ലാബുകളായി കുറക്കാനും ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത്തരം നിര്‍ദേശങ്ങളെല്ലാം അവഗണിച്ചുകൊണ്ട് 2025 ഫെബ്രുവരിയില്‍ നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു.
വിവിധ തലങ്ങളില്നിന്നുമുയര്ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരക്കില്‍ നേരിയ കുറവ് വരുത്താന്‍ മെട്രോ റെയില്‍ കോര്പറേഷൻ നിര്‍ബന്ധിതരായെങ്കിലും പൊതുജനങ്ങള്‍ക്ക് ഭാരമാകുന്ന നിരക്ക് വര്‍ധന കുറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

