ബംഗളൂരു അതിവേഗ പാത; പ്രതിഷേധം കനത്തതോടെ ടോൾ നിരക്ക് വർധന പിൻവലിച്ചു
text_fieldsബംഗളൂരു: ജനങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയിൽ 22 ശതമാനമായി കൂട്ടിയ ടോൾ നിരക്ക് പിൻവലിച്ചു. പഴയ ടോൾ നിരക്കുതന്നെ തുടരും.
മേയ് പത്തിന് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നടപടി. ഏപ്രിൽ ഒന്നുമുതൽ ദേശീയതലത്തിൽ എല്ലാ പാതകളിലും ടോൾ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി ബംഗളൂരു പാതയിലും നിരക്ക് കൂട്ടുമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ, ഇതിൽ വ്യാപകമായ എതിർപ്പാണുണ്ടായത്. ഇതോടെയാണ് നിരക്ക് കൂട്ടൽ പിൻവലിച്ചത്. ഇക്കാര്യം അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധർ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്ത് 19 ദിവസത്തിന് ശേഷമാണ് ടോൾ നിരക്കിൽ വൻ വർധന വരുത്തിയത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ ഒമ്പതിന് മോദി മൈസൂരുവിൽ എത്തുന്നുമുണ്ട്. ഇക്കാര്യങ്ങൾകൂടി പരിഗണിച്ചാണ് നിരക്ക് വർധന പിൻവലിച്ചതെന്നാണ് വിവരം.
പിൻവലിച്ചതോടെ കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒറ്റയാത്രക്ക് 135 രൂപയെന്ന നിലവിലെ നിരക്ക് തുടരും. ഒറ്റദിവസത്തിൽതന്നെ മടക്കയാത്രയുമുണ്ടെങ്കിൽ 205 രൂപയാണ്. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റയാത്രക്ക് വേണ്ടത്. കാർ, ജീപ്പ്, വാൻ എന്നിവക്ക് 165 രൂപ, മടക്കയാത്രകൂടി ഉണ്ടെങ്കിൽ 250, മിനിബസ് 270, മടക്കയാത്രകൂടി ഉണ്ടെങ്കിൽ 405, ബസിന് 565, മടക്കയാത്രകൂടി ഉണ്ടെങ്കിൽ 850 എന്നിങ്ങനെയായിരുന്നു ടോൾ നിരക്കിൽ ഏപ്രിൽ ഒന്നു മുതൽ വർധന വരുത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

