ബംഗളൂരുവിൽ മൂടൽമഞ്ഞ്; കർണാടകയിലുടനീളം തണുപ്പ് തുടരും -കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സംസ്ഥാനത്തുടനീളം തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. ജനുവരിയിൽ തണുപ്പ് കൂടുമെന്നും മുൻ വർഷത്തെ അപേക്ഷിച്ച് ബംഗളൂരുവിൽ താപനില 12 ഡിഗ്രി സെൽഷ്യസ് ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. റായ്ച്ചൂർ, ബെലഗാവി, ബിദർ, കലബുറഗി, ഹാവേരി, യാദ്ഗിർ എന്നിവയുൾപ്പെടെ കർണാടകയുടെ വടക്കൻ ഭാഗങ്ങളിൽ തണുപ്പ് കൂടുതൽ അനുഭവപ്പെട്ടേക്കും.
താപനില ആറ് ഡിഗ്രി സെൽഷ്യസ് ആയി കുറയും. കുട്ടികൾ, പ്രായമായവർ എന്നിവർ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കണം. കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിൽ കുറഞ്ഞ താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും വടക്കൻ ഉൾപ്രദേശങ്ങളിൽ 15 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. ഡിസംബർ ഒന്നുമുതൽ തണുപ്പ് കൂടും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം അടുത്ത അഞ്ച് ദിവസങ്ങളിൽ രാത്രി കുറഞ്ഞ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നും കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥൻ സി.എസ്. പാട്ടീൽ പറഞ്ഞു.
തണുപ്പുമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്ന ആളുകൾ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കണം. ചൂട് നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, തണുപ്പിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

