ജാതി വിവേചന ആരോപണം നിഷേധിച്ച് ബാംഗ്ലൂർ സർവകലാശാല
text_fieldsബംഗളൂരു: കാമ്പസിൽ ദലിത് പ്രഫസർമാർക്കെതിരെ ജാതി വിരുദ്ധ നയങ്ങൾ പിന്തുടരുന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി ബാംഗ്ലൂർ സർവകലാശാല അധികൃതർ. എസ്.സി, എസ്.ടി അധ്യാപക അസോസിയേഷന്റെ വെളിപ്പെടുത്തലിന് ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് നല്കി.
എസ്.സി, എസ്.ടി വിഭാഗങ്ങളില്‍പ്പെട്ട അധ്യാപകര്‍ക്ക് സര്‍വകലാശാല തുടക്കംമുതൽ ആവശ്യമായ പ്രാതിനിധ്യവും പ്രാധാന്യവും നല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല അവകാശപ്പെട്ടു. നിയമാനുസൃത നിയമനങ്ങളില്‍ വിവേചനം, റിസര്‍വേഷന്‍ നിബന്ധനകളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അസോസിയേഷന്റെ കത്തിന് മറുപടിയായാണ് വിശദീകരണം.
വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയ നിയമാനുസൃത പദവികളിലേക്കുള്ള നിയമനങ്ങള്‍ നേരിട്ട് സര്‍ക്കാറാണ് നടത്തുന്നതെന്നും സര്‍വകലാശാലക്ക് അതിൽ പങ്കില്ലെന്നും വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ നിയമനങ്ങളെ വിവേചനപരമായി കാണുന്നത് ദൗര്‍ഭാഗ്യകരമാണ്.
സര്‍വകലാശാലയുടെ നിയന്ത്രണത്തിലുള്ള നിയമനങ്ങളില്‍, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാര്‍, കോഓഡിനേറ്റര്‍മാര്‍, സ്പെഷല്‍ ഓഫിസര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങി 30 അഡ്മിനിസ്ട്രേറ്റിവ് സ്ഥാനങ്ങളില്‍ 22 എണ്ണം എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട അധ്യാപകരാണ് ചുമതല വഹിക്കുന്നത്.
കൂടാതെ, സ്ഥിരം അധ്യാപകരുടെ കുറവ് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ മറ്റു സര്‍വകലാശാലകളില്‍നിന്നും നാല് അധ്യാപകരെ ബംഗളൂരു സര്‍വകലാശാലയിലേക്ക് മാറ്റി നിയോഗിച്ചിട്ടുണ്ട്. നിലവിൽ സര്‍വകലാശാലയിലെ 126 അധ്യാപകര്‍ക്കിടയില്‍ 80 പേര് എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവരാണെന്നും ഇത് മൊത്തം അധ്യാപക സംഖ്യയുടെ 63.5 ശതമാനം വരുമെന്നും സർവകലാശാല വ്യക്തമാക്കി.
കർണാടകയിലെ മറ്റു സര്‍വകലാശാലകളുമായി താരതമ്യേന, ബംഗളൂരു സര്‍വകലാശാലയാണ് ഏറ്റവും കൂടുതൽ വിരമിക്കൽ ഒഴിവുകള്‍ പൂരിപ്പിച്ചത്. സാമൂഹികക്ഷേമ വകുപ്പ് കണ്ടെത്തിയ 55 ഒഴിവുകളിൽ 35 എണ്ണത്തിൽ ഇതിനകം നിയമനമായി. മറ്റ് ഒഴിവുകളിൽ നിയമന നടപടി പുരോഗമിക്കുകയാണ്. 2024-25 അധ്യയനവര്‍ഷം, 44 അധ്യാപകര്‍ അസോസിയറ്റ് പ്രഫസര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ഇവരില്‍ 29 പേര് എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവരാണെന്നും വിശദീകരണ കുറിപ്പിൽ പറഞ്ഞു.
ബാംഗ്ലൂർ സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദലിത് പ്രഫസർമാർ ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചുമതലകൾ അനുവദിക്കുന്നതിലും അവകാശങ്ങൾ നൽകുന്നതിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം സർവകലാശാലയിൽ നിലനിൽക്കുന്നുവെന്നാണ് ആരോപണം.
മുമ്പ് സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ പറയുന്നു. അംബേദ്കർ റിസർച്ച് സെന്റർ ഡയറക്ടർ പ്രഫ. സി. സോമശേഖർ, സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ പ്രഫ. പി.സി. നാഗേഷ്, പി.എം- ഉഷ കോഓഡിനേറ്റർ പ്രഫ. വി. സുദേഷ്, ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ഓൺലൈൻ സെന്റർ ഡയറക്ടർ പ്രഫ. ബി.എൽ. മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

