ബംഗളൂരു ടെക് സമ്മിറ്റ് സമാപിച്ചു; സ്റ്റാർട്ടപ്പുകൾക്ക് 400 കോടി രൂപയുടെ പിന്തുണ
text_fieldsഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല, കിയോണിക്സ് ചെയർമാൻ ശരത് കുമാർ ബച്ചെ ഗൗഡ എന്നിവർ ഫ്യൂച്ചർ മേക്കേഴ്‌സ് കോൺക്ലേവിൽ
ബംഗളൂരു: കർണാടക സർക്കാറിന്‍റെ ഇലക്ട്രോണിക്സ്, ഐ.ടി. ആന്‍ഡ് ബി.ടി വകുപ്പ് ഫ്യൂച്ചറൈസ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബംഗളൂരു ടെക് ഉച്ചകോടിയുടെ 28ാമത് പതിപ്പ് ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്‍ററില്‍ (ബി.ഐ.ഇ.സി) സമാപിച്ചു. ഫ്യൂച്ചർ മേക്കേഴ്‌സ് കോൺക്ലേവ് ആയിരുന്നു ഈ വർഷത്തെ പ്രധാന ആകർഷണം. ബഹിരാകാശ യാത്രികന്‍ ശുഭാൻഷു ശുക്ല, എഴുത്തുകാരിയും സംരംഭകനുമായ അങ്കുർ വാരിക്കൂ, ടെന്നിസ് താരം സാനിയ മിർസ, സെപ്‌റ്റോ സഹസ്ഥാപക കൈവല്യ വോറ, ക്രിക്കറ്റ് താരം റിച്ച ഘോഷ്, മെന്റലിസ്റ്റ് സുഹാനിഷാ തുടങ്ങി നിരവധി പ്രശസ്ത വ്യക്തികൾ അവരുടെ ജീവിത കഥകൾ പങ്കിട്ടു.
സെപ്‌റ്റോ, റാപ്പിഡോ, ആതർ എനർജി, ജംബോടെയിൽ, നവി, ബ്ലൂസ്റ്റോൺ തുടങ്ങിയ ബില്യൺ ഡോളർ കമ്പനികളുടെ സ്ഥാപകരെ ആദരിച്ചു. ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്ക് 400 കോടി രൂപ ധനസഹായം നൽകിയതായി സംഘാടകർ പറഞ്ഞു. 630 പ്രഭാഷകരും 1015 പ്രദർശകരും നിരവധി നിക്ഷേപകരും 57 രാജ്യങ്ങളിൽനിന്നുള്ള 20,680 പ്രതിനിധികളും 46,389ലധികം ബിസിനസ് സംരംഭകരും ഉച്ചകോടിയിലെ വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തു.
എ.ഐ, ഡീപ്‌ടെക്, ബയോടെക്, എയ്‌റോസ്‌പേസ്, സ്റ്റാർട്ടപ്പുകൾ, മറ്റു മേഖലകൾ എന്നിവയെക്കുറിച്ചുള്ള 100 ലൈവ് സെഷനുകളില്‍ 630ലധികം പ്രഭാഷകർ പാനലിസ്റ്റുകളായും മോഡറേറ്റർമാരായും പങ്കെടുത്തു. ഏകദേശം 1015 പ്രദർശകർ അവരുടെ ഉൽപന്നങ്ങള്‍ പ്രദർശിപ്പിച്ചു. 36 നിക്ഷേപകർക്കായി സ്റ്റാർട്ടപ്പുകൾ ക്യൂറേറ്റ് ചെയ്ത 146 ക്രോസ് പിച്ചുകളും നടന്നു. 107 മെന്റർ-മെന്റീ സെഷനുകൾ നടന്നു. ഏകദേശം 92,500 പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

