Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിനു പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് വർഷം 25000 രൂപ ഫീസ്: കർശന നിയന്ത്രണങ്ങളുമായി ബംഗളൂരു

text_fields
bookmark_border
വീടിനു പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് വർഷം 25000 രൂപ ഫീസ്: കർശന നിയന്ത്രണങ്ങളുമായി ബംഗളൂരു
cancel

ബംഗളൂരു: ബംഗളൂരുവിൽ വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് ഇനി പ്രതിവർഷം 25,000 രൂപ വരെ ഫീസ് നൽകേണ്ടിവരും. കോർപ്പറേഷനുകൾക്ക് റസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് ഫീസ് ഈടാക്കാൻ അനുവാദം നൽകിക്കൊണ്ട് സർക്കാർ ഗ്രേറ്റർ ബംഗളൂരു ഏരിയ ചട്ടം പുറത്തിറക്കി. കാറിന്‍റെ തരം അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25,000 രൂപ വരെയാകും.

ഫീസ് നൽകാൻ തയാറായാലും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച വീടുകളിൽ താമസിക്കുന്നവർക്ക് പെർമിറ്റ് ലഭിച്ചേക്കില്ല. വാഹന നമ്പറുമായി ബന്ധപ്പെട്ട പേരിൽ മാത്രമായിരിക്കും റസിഡൻഷ്യൽ പാർക്കിങ് പെർമിറ്റ് നൽകുക. തങ്ങളുടെ വീടുകളിലെ അംഗങ്ങളുടെയോ വാടകക്കാരുടെയോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾ അവരുടെ പരിധിക്കുള്ളിൽ തന്നെ വേണ്ടത്ര സൗകര്യം ഒരുക്കണമെന്നും കരട് നിർദ്ദേശത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഓൺ-സ്ട്രീറ്റ് പാർക്കിങ് ആസൂത്രണം ചെയ്തും ഓഫ്-സ്ട്രീറ്റ് പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിച്ചും നഗരത്തിൽ പൊതുജനങ്ങൾക്കായി ലഭ്യമായ പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യം. റസിഡൻഷ്യൽ, നോൺ-റസിഡൻഷ്യൽ മേഖലകളിൽ ഓൺ-സ്ട്രീറ്റ് പാർക്കിങ് നിയന്ത്രിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

നോൺ റസിഡൻഷ്യൽ മേഖലകളിൽ സിറ്റി കോർപ്പറേഷനുകൾ ഓൺ-സ്ട്രീറ്റ് പാർക്കിങ് സോണുകൾ നിശ്ചയിക്കും. സൈക്കിൾ പാർക്കിങ്ങിനും ഓട്ടോ സ്റ്റാൻഡുകളിൽ നിർത്തിയിടുന്ന ഓട്ടോറിക്ഷകൾക്കും ഒഴികെ ഒരു പൊതു പാർക്കിങ് സ്ഥലവും സൗജന്യമായിരിക്കില്ലെന്ന കരടിൽ വ്യക്തമാക്കുന്നു.

ഹൈ ഡെൻസിറ്റി ഇടനാഴികളായി തിരിച്ചിട്ടുള്ള പ്രധാന റോഡുകളുടെ പ്രധാന കാരിയേജ് വേയിൽ പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ചില പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ മാത്രം പാർക്കിങ് നിരോധിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, സിഗ്നൽ നൽകിയ ജങ്ഷനുകൾക്ക് ചുറ്റും പ്രധാന റോഡുകളിലും സബ്-ആർട്ടീരിയൽ റോഡുകളിലും കുറഞ്ഞത് 100 മീറ്റർ ചുറ്റളവിലും മറ്റ് റോഡുകളിൽ കുറഞ്ഞത് 50 മീറ്റർ ചുറ്റളവിലും പാർക്കിങ് നിരോധിക്കും.

ഇതുകൂടാതെ, ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, സബർബൻ റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പാർക്കിങ് ഏരിയകൾ എന്നിവയുടെ ഇരുവശത്തുമായി 25 മീറ്റർ ദൂരത്തിൽ തെരുവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.

തിരക്കേറിയ സമയങ്ങളിലും ദീർഘനേരത്തേക്കും ഉയർന്ന പാർക്കിങ് ഫീസ് ഈടാക്കിക്കൊണ്ട് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കരട് ലക്ഷ്യമിടുന്നു. ഏരിയ പാർക്കിങ് പ്ലാനുകൾ നിരീക്ഷിക്കുന്നതിനും പാർക്കിങ് ഏരിയകൾ തിരിച്ചറിയുന്നതിനും നടത്തിപ്പ് മേൽനോട്ടത്തിനുമായി കോർപ്പറേഷനുകൾ പാർക്കിങ് ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ, മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 അനുസരിച്ച് പാർക്കിങ് നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും, വാഹനം ക്ലാംപ് ചെയ്ത് മാറ്റാനും, പിഴ ഈടാക്കാനും ബംഗളൂരു ട്രാഫിക് പോലീസിന് (ബി.ടി.പി) അധികാരം ലഭിക്കും. കൂടാതെ, സാധുവായ റസിഡൻഷ്യൽ പാർക്കിങ് സ്റ്റിക്കറുള്ള പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ തെരുവിൽ പാർക്ക് ചെയ്യാൻ അനുവാദമുള്ളൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bangalore parking fee for outside parking
Next Story