ബംഗളൂരു-മൈസൂരു വൈദ്യുതി ബസ് സർവിസ് നാളെ മുതൽ
text_fieldsബംഗളൂരു: ബംഗളൂരു- മൈസൂരു റൂട്ടിൽ കർണാടക ആർ.ടി.സി വൈദ്യുതി ബസുകളുടെ സർവിസ് തിങ്കളാഴ്ച ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ബസുകളുടെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. മൈസൂരുവിൽ ചാർജിങ് സ്റ്റേഷൻ അടക്കമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബംഗളൂരു- മൈസൂരു റൂട്ടിൽ സർവിസ് ആരംഭിച്ച് ഒരു മാസത്തിനകം ബംഗളൂരുവിൽനിന്ന് ദാവൻകരെ, ചിക്കമകളൂരു, ശിവമൊഗ്ഗ, മടിക്കേരി, വിരാജ്പേട്ട് എന്നീ നഗരങ്ങളിലേക്കും വൈദ്യുതി ബസുകൾ സർവിസ് നടത്തും.
കേന്ദ്ര സർക്കാറിന്റെ ഫെയിം -രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർണാടക ആർ.ടി.സി ഇന്റർസിറ്റി വൈദ്യുതി ബസ് സർവിസ് ആരംഭിക്കുന്നത്. ഒലക്ട്ര ഗ്രീൻടെക് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് കരാർ പ്രകാരം 50 ബസുകളാണ് കർണാടക ആർ.ടി.സിക്ക് ലഭിച്ചത്. ഡിസംബർ 31നാണ് വൈദ്യുതി ബസുകൾ ലോഞ്ച് ചെയ്തത്. ഫെബ്രുവരി പകുതിയോടെ മുഴുവൻ ബസുകളും നിരത്തിലിറക്കുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

