ഹെഡ് ഫോണില്ലാതെ പാട്ട് കേട്ടാലും തറയിൽ ഇരുന്നാലും പിഴ 2,500 രൂപ; കർക്കശ നടപടിയുമായി ബംഗളൂരു മെട്രോ
text_fieldsബംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ മൊബൈലിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുകയോ, ഇയർഫോൺ ഉപയോഗിക്കാതെ വീഡിയോകൾ കാണുകയോ ചെയ്താൽ ഇനി 2,500 രൂപ വരെ പിഴ ഈടാക്കും. ജൂൺ 19 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിയമങ്ങൾ പ്രകാരമാണ് നടപടി. 'ജൻ വിശ്വാസ് (ഭേദഗതി) നിയമം, 2026' വഴി മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) നിയമം, 2002ൽ വരുത്തിയ ഭേദഗതികളെ തുടർന്നാണ് പിഴത്തുക വർധിപ്പിച്ചത്. മെട്രോ കോച്ചുകൾക്കുള്ളിലെ യാത്രക്കാരുടെ അസൗകര്യങ്ങൾ കുറയ്ക്കുന്നതിനായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് ഈ ഭേദഗതികൾ നടപ്പിലാക്കിയത്. ചെന്നൈ മെട്രോയും ഈ ആഴ്ച മുതൽ ഇതേ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.
പിഴ ചുമത്തുന്നവ
- സ്പീക്കർ മോഡിൽ പാട്ടുകൾ കേൾക്കുകയോ വിഡിയോകൾ കാണുകയോ ചെയ്യുക.
- ഇയർഫോൺ ഉപയോഗിക്കാതെ വിഡിയോകൾ കാണുക.
- മെട്രോ കോച്ചുകൾക്കുള്ളിൽ ഉറക്കെ സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യുക.
- അശ്ലീലമോ മോശമായതോ ആയ ഭാഷ ഉപയോഗിക്കുക.
- ലഹരി ഉപയോഗിച്ചുള്ള യാത്ര.
- മെട്രോ പരിസരത്ത് തുപ്പുക.
- മെട്രോ കോച്ചുകളുടെ തറയിൽ ഇരിക്കുക.
- മെട്രോയുടെ സ്വത്തുക്കൾ നശിപ്പിക്കുക.
- അപമര്യാദയായി പെരുമാറുക.
എന്തുകൊണ്ടാണ് പിഴത്തുക വർധിപ്പിച്ചത്?
കഴിഞ്ഞ കുറച്ചു വർഷങ്ങളായി യാത്രക്കാർ മൊബൈൽ ഫോൺ സ്പീക്കറിൽ ഉപയോഗിക്കുന്നതിനെതിരെ പരാതികൾ വർധിച്ചുവരുന്നതായി ബി.എം.സി.ആർഎൽ പറയുന്നു. 2025-26 കാലയളവിൽ മാത്രം, കോച്ചുകൾക്കുള്ളിൽ ഉച്ചത്തിൽ ഓഡിയോയോ വിഡിയോയോ കേട്ടതിന് ഏകദേശം 57,000 യാത്രക്കാർക്ക് മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു. നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം 500 രൂപ പിഴ ഈടാക്കാൻ അധികാരമുണ്ടായിരുന്നെങ്കിലും, മിക്കവാറും കുറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി വിടുകയായിരുന്നു പതിവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

