ബാംഗ്ലൂർ മെട്രോ; മൂന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭ അനുമതി
text_fieldsബംഗളൂരു/ന്യൂഡൽഹി: 31 സ്റ്റേഷനുകളും 44.65 കിലോമീറ്റർ നീളവുമുള്ള ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ രണ്ട് ഇടനാഴികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ജെ.പി നഗർ നാലാം ഭാഗം മുതൽ കെമ്പാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവുമുണ്ട്.
ഹൊസഹള്ളി മുതൽ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള 12.50 കിലോമീറ്റർ നീളത്തിലുള്ള ഇടനാഴി-2ന് 9 സ്റ്റേഷനുകളുണ്ട്. മൂന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ ബംഗളൂരു നഗരത്തിൽ 220.20 കിലോമീറ്ററിൽ സജീവ മെട്രോ റെയിൽ ശൃംഖല സംജാതമാകും. 15,611 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണ ചെലവ്.മൂന്നാംഘട്ടത്തിൽ, ബംഗളൂരു നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ബന്ധിപ്പിക്കുന്ന 44.65 കിലോമീറ്ററിൽ പുതിയ മെട്രോ പാത വരും.
പീനിയ വ്യവസായിക മേഖല, ബന്നാർഘട്ട റോഡിലെയും ഔട്ടർ റിങ് റോഡിലെയും ഐ.ടി വ്യവസായങ്ങൾ, തുമകൂരു റോഡിലെ ടെക്സ്റ്റൈൽ -എൻജിനീയറിങ് ഉൽപാദന യൂനിറ്റുകൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, പെസ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന മേഖലകൾ മൂന്നാം ഘട്ടത്തിൽ സംയോജിപ്പിക്കും. യൂനിവേഴ്സിറ്റി, അംബേദ്കർ കോളജ്, പോളിടെക്നിക് കോളജ്, കെ.എൽ.ഇ കോളജ്, ദയാനന്ദസാഗർ സർവകലാശാല, ഐ.ടി.ഐ മുതലായവയും ഈ ഭാഗത്തിൽപ്പെടും. എല്ലാ മൂന്നാം ഘട്ട സ്റ്റേഷനുകളിലും പ്രത്യേക ബസ് ബേകൾ, പിക്അപ് ആൻഡ് ഡ്രോപ് ബേകൾ, കാൽനട പാതകൾ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവയുണ്ട്. മഹാരാഷ്ട്രയിലെ താനെ ഇന്റഗ്രൽ റിങ് മെട്രോ റെയിൽ പദ്ധതി ഇടനാഴിക്കും മന്ത്രിസഭ അംഗീകാരം നൽകി. 29 കിലോമീറ്റർ ഇടനാഴി താനെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 22 സ്റ്റേഷനുകളിലൂടെ കടന്നുപോകും. 12,200.10 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി നിർദേശത്തിനും മന്ത്രിസഭ സമിതി അംഗീകാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

