‘ഡിജിറ്റൽ കാലം വായനയെ പുനർനിർവചിക്കുന്നു’
text_fieldsബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം സംവാദ പരിപാടിയിൽനിന്ന്
ബംഗളൂരു: വായനയുടെ ആഴവും പരപ്പും പുനർനിർവചിക്കുന്ന ഡിജിറ്റൽ കാലം സംവേദനത്തിന്റെ മാനങ്ങളെ പുതുക്കിപ്പണിയുകയും രചയിതാവും വായനക്കാരനും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം സംവാദം വിലയിരുത്തി. ‘ഡിജിറ്റൽ കാലത്തെ വായന’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിന് പ്രമുഖ കഥാകാരി ആഷ് അഷിത, എഴുത്തുകാരി സോണിയ ചെറിയാൻ, കവി ടി.പി. വിനോദ് എന്നിവർ നേതൃത്വം നൽകി.
പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ പ്രതലത്തിലേക്കുള്ള മാറ്റം എഴുത്തുകാരന്റെ പ്രാമാണികതയെ റദ്ദാക്കുകയും ബഹുമുഖമായ വായനയുടെ പുതിയ തുറസ്സുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴും പുസ്തകവായന പ്രദാനം ചെയ്യുന്ന ഇന്ദ്രിയപരമായ ഭാവാനുഭൂതികൾ അനിവാര്യമായും നിരാകരിക്കപ്പെടുകയാണെന്ന് ടി.പി. വിനോദ് ചൂണ്ടിക്കാട്ടി. വായനയുടെ വിവിധങ്ങളായ പുതിയ ഇടങ്ങളെ നിർമിക്കാനും മുൻകാലങ്ങളിൽ വായനയിൽ നിന്ന് അകന്നു കഴിഞ്ഞവരെ വായനയിലേക്ക് അടുപ്പിക്കാനും പുതിയ രീതിക്ക് കഴിയുന്നുണ്ടെന്ന് സോണിയ ചെറിയാൻ പറഞ്ഞു.
സാങ്കേതിക മാറ്റങ്ങളാൽ നിർണയിക്കപ്പെടുന്ന നവസമൂഹത്തിന്റെ സംവേദനരീതിയിൽനിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്നും ഡിജിറ്റൽ വായനയിൽ സംവേദനത്തിന്റെ പുതിയ സാധ്യതകൾ ആരായുകയാണ് വേണ്ടതെന്നും ആഷ് അഷിത അഭിപ്രായപ്പെട്ടു. ഫോറം പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. ബി.എസ്. ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. കെ.ആർ. കിഷോർ, ഡെന്നിസ് പോൾ, സുബൈർ തോപ്പിൽ, മാജി സജി, അനിൽ മിത്രാനന്ദപുരം, സുദേവ് പുത്തൻചിറ, ദീപ വി.കെ, അനീസ് സി.സി.ഒ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും ട്രഷറർ അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

