‘സ്ത്രീക്ക് കൽപിച്ച അതിരുകളെ മാറ്റിവരക്കുന്ന ആവിഷ്കാരം’
text_fieldsആർ. രാജശ്രീയുടെ നോവൽ ചർച്ചയിൽ സംസ്കൃത സർവകലാശാല മലയാളവിഭാഗം അസോ. പ്രഫസർ ഡോ. എം.സി. അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: സാമൂഹിക പൊതുബോധം സ്ത്രീക്ക് കൽപിച്ചിരുന്ന അതിരുകളെ മാറ്റിവരക്കാൻ ശ്രമിക്കുന്ന ആവിഷ്കാരമാണ് ആർ. രാജശ്രീയുടെ 'കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം അസോ.പ്രഫസർ ഡോ. എം.സി. അബ്ദുൽ നാസർ പറഞ്ഞു. ബംഗളൂരു മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച നോവൽ ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ , പുരുഷൻ എന്നത് കേവലം രണ്ട് ജൈവിക ഘടകങ്ങൾ മാത്രമല്ല. വളരെ കൃത്യമായി സാമൂഹികമായി നിർമിക്കപ്പെട്ട രണ്ട് യാഥാർഥ്യങ്ങളാണ്. നമ്മുടെ സ്ത്രീത്വം ഒന്നര നൂറ്റാണ്ട് മുമ്പ് നിർവചിക്കപ്പെട്ടത് എങ്ങനെയാണോ അതിന് സമാനമായ വിധത്തിൽ അത് വീണ്ടും വിചിന്തനം ചെയ്യപ്പെടുന്ന നോവലാണ് ഇത്. കൊളോണിയൽ അവബോധത്തിന്റെ ഭാഗമായ വിക്ടോറിയൻ സദാചാരമൂല്യങ്ങൾ പ്രാമുഖ്യം നേടിയ കാലം സംസ്കാരത്തെ ഏകമായാണ് കാണുന്നത്. ലോകം ഏകമായ ഒന്നല്ല. അങ്ങേയറ്റം വൈവിധ്യപൂർണമായതാണ്. ഓരോ സംസ്കാരത്തിനും അതിന്റേതായ നന്മകളുണ്ട്. ലൈംഗികതയിലൂന്നിയ അധികാരത്തെയാണ് നോവൽ അടിസ്ഥാനമായി പ്രശ്നവത്കരിക്കുന്നത്. സ്ത്രീയെ സംബന്ധിച്ച് സ്വന്തമായി ഒരു നാടില്ല എന്ന ധാരണയെ തിരുത്തുന്ന ശക്തമായ ആവിഷ്കാരമാണ് ഈ നോവൽ എന്നും അദ്ദേഹം പറഞ്ഞു.
റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. വിന്നി ഗംഗാധരൻ ചർച്ച ഉദ്ഘാടനം ചെയ്തു. ഇന്ദിരാ ബാലൻ, ടി.പി. വിനോദ്, സംഗീത, എൻ. ആർ. ബാബു , ടി.എം. ശ്രീധരൻ, വജീദ്, ഡെന്നിസ് പോൾ, ബി.എസ്. ഉണ്ണികൃഷ്ണൻ, ആർ.വി. ആചാരി, തങ്കച്ചൻ പന്തളം, സി.ഡി. തോമസ്, ഫ്രാൻസിസ് ആന്റണി, കെ.വി.പി. സുലൈമാൻ, അനിൽ മിത്രാനന്ദപുരം, ശാന്തൻ എലപ്പുള്ളി, എം.ബി. മോഹൻ ദാസ് , സൗദ റഹ്മാൻ, രമേശ് മാണിക്കോത്ത്, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

