കെ.കെ.ജി; മലയാള കൃതികൾ കന്നടകരിലെത്തിച്ച വിവർത്തക പ്രതിഭ -റൈറ്റേഴ്സ് ഫോറം
text_fieldsറൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ‘ഓർമയിൽ കെ.കെ.ജി’ അനുസ്മരണത്തിൽ പ്രസിഡന്റ് ടി. എ. കലിസ്റ്റസ് സംസാരിക്കുന്നു
ബംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നടഭാഷയിലേക്ക് വിവർത്തനം ചെയ്ത് കന്നടികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധത്കരിക്കുകയെന്ന ദൗത്യം നിർവഹിച്ച മഹദ് വ്യക്തിത്വമാണ് കെ.കെ. ഗംഗാധരന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു. ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽതന്നെ ഉണ്ടായിട്ടുള്ള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർഥമാകുന്നത്.
അത്തരം മികവുറ്റ മൊഴിമാറ്റങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ കാരണമായത് എന്ന് യോഗം അനുസ്മരിച്ചു. ഹോട്ടൽ ജിയോയിൽ റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ‘ഓർമയിൽ കെ.കെ.ജി’ എന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ഉപയോഗിക്കുന്ന ഭാഷകൾക്കതീതമായി ചിന്തകളും ആശയങ്ങളും പരസ്പരം വിനിമയം ചെയ്യുവാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന സർഗാത്മക പ്രവർത്തനമാണ് വിവർത്തനമെന്ന് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പറഞ്ഞു.
വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ഡോ. കെ. മലർവിഴി, കെ. കവിത, ടി.എം. ശ്രീധരൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, ഡോ. എം.പി. രാജൻ, സതീഷ് തോട്ടശ്ശേരി, ആർ.വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. പ്രമോദ് വരപ്രത്ത്, ടി.കെ. രവീന്ദ്രൻ, രുഗ്മിണി സുധാകരൻ, ഷംസുദ്ദീൻ കൂടാളി, മെറ്റി കെ. ഗ്രേസ്, രമേശ് മാണിക്കോത്ത്, നയൻ നന്ദിയോട്, അശോക് കുമാർ തുടങ്ങിയവർ കെ.കെ. ഗംഗാധരനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെച്ചു. മുഹമ്മദ് കുനിങ്ങാട് സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

