ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ശനിയാഴ്ച സമാപനം. മേളയുടെ സമാപന ദിവസത്തിൽ വിവിധ സ്ക്രീനുകളിലായി 62 സിനിമകൾ പ്രദര്‍ശിപ്പിക്കും. ജാങ് ബ്യൂങ്കിയുടെ ‘വെൻ ദിസ് സമ്മർ ഈസ് ഓവർ’, ജിയാൻജി ലിനിന്റെ ‘ബ്രീഫ് ഹിസ്റ്ററി ഓഫ് എ ഫാമിലി’, സോഫിയ സിസ്ലേഗിന്റെ ‘ജനുവരി 2, ‘വിയറ്റ് ആൻഡ് നാം, ദി എക്സൈല്‍, നവി, ‘അമരൻ ’, ‘ഐ ദി സോങ്’, ‘എക്രോസ് ദി സീ’, ‘മാലു’ എന്നീ ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. രാജാജി നഗര്‍ ഓറിയോണ്‍ മാളിലെ 11 സ്ക്രീനുകള്‍ക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി , ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. അരവിന്ദന്റെ കുമ്മാട്ടി, തമ്പ്, ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദു ലക്ഷ്മിയുടെ അപ്പുറം, അര്‍ഫാസ് അയൂബിന്റെ ലെവല്‍ ക്രോസ്, സൂരജ് ടോമിന്റെ വിശേഷം, എം.ടി. വാസുദേവന്‍ നായരുടെ നിര്‍മാല്യം തുടങ്ങി ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.ശനിയാഴ്ച വൈകീട്ട് വിധാൻ സൗധയിൽ നടക്കുന്ന സമാപന ചടങ്ങ് കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ് ലോട്ട് ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നിരവധി ചിത്രങ്ങള്‍ മേളയില്‍ അണിനിരന്നു.
സെലിയ റികോ ക്ലാവെല്ലിനോയുടെ ‘ലിറ്റില്‍ ലവ്’ മേളയുടെ ക്ലോസിങ് ഫിലിം ആയി പ്രദര്‍ശിപ്പിക്കും. മലഗ സ്പാനിഷ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷല്‍ ജൂറി പുരസ്കാരവും മികച്ച സഹനടിക്കുള്ള അവാർഡും സാന്‍ സെബാസ്റ്റ്യന്‍ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരവും ‘ലിറ്റില്‍ ലവ്’ നേടിയിട്ടുണ്ട്. തെരേസയും അമ്മയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ‘ലിറ്റില്‍ ലവ്’. അമ്മക്ക് അപകടം പറ്റിയതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അവധിക്കാല പരിപാടികള്‍ മാറ്റിവെച്ച് അമ്മയെ ശുശ്രൂഷിക്കുന്ന തെരേസയും അമ്മയും രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണെങ്കിലും ജീവിതത്തിലെ എകാന്തതയും കയ്പേറിയ അനുഭവങ്ങളും അവരെ ഒരേ പാതയില്‍ എത്തിക്കുകയും സ്വയം തിരിച്ചറിയുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

