വെള്ളക്കെട്ട് അപകടം: കർണാടകയിലെ മുഴുവൻ അടിപ്പാതകളുടെയും കണക്കെടുക്കും
text_fieldsകെ.ആർ സർക്കിൾ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങിയപ്പോൾ
ബംഗളൂരു: നഗരത്തിലെ കെ.ആർ സർക്കിളിലെ അടിപ്പാതയിൽ വെള്ളക്കെട്ടിൽ കാർ മുങ്ങി സോഫ്റ്റ്വെയർ ജീവനക്കാരി മരിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അടിപ്പാതകളുടെയും സ്ഥിതി വിവര കണക്കെടുക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടു.
എല്ലാം ഒറ്റദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു. ഞായറാഴ്ച രാത്രി മന്ത്രി രാമലിംഗ റെഡ്ഡി, ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് എന്നിവർക്കൊപ്പം ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചിരുന്നു.
ഇതേ തുടർന്ന് ബംഗളൂരു നഗരത്തിലെ 18 അടിപ്പാതകളുടെയും വിവരം ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് തേടി. എല്ലാ അടിപ്പാതകളും പരിശോധിച്ച ശേഷം വെള്ളമൊഴുകിപ്പോകാൻ പ്രത്യേകം ഡ്രെയിനേജ് സംവിധാനമില്ലാത്തവ തൽക്കാലത്തേക്ക് അടച്ചിടാനാണ് തീരുമാനം. മരണപ്പെട്ട ഇൻഫോസിസ് ജീവനക്കാരി ബാനു രേഖയുടെ കുടുംബത്തെ ആശുപത്രിയിൽ സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ചു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കാർ ഡ്രൈവർ ഹരീഷ് അറസ്റ്റിലായി.
മരണപ്പെട്ട ബാനു രേഖയുടെ സഹോദരൻ സന്ദീപ് നൽകിയ പരാതിയിൽ അശ്രദ്ധമായി വാഹനമോടിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അൾസുർ ഗേറ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉദ്യോഗസ്ഥരെയും പ്രതിചേർത്തു. കേസിൽ ബി.ബി.എം.പിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയും ഡ്രൈവർ രണ്ടാം പ്രതിയുമാണ്. അപകടത്തിൽപെട്ട കാറും കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ഐ.പി.സി 304 എ വകുപ്പു പ്രകാരമാണ് കേസെടുത്തത്.
ഞായറാഴ്ച വൈകീട്ടാണ് ടെക്കിയായ യുവതിയുടെ ദാരുണ മരണം നടന്നത്. വൈകീട്ട് കനത്ത മഴയിൽ വിധാൻ സൗധക്ക് സമീപം കെ.ആർ സർക്കിളിലെ അടിപ്പാതയിൽ വെള്ളക്കെട്ടിൽ ഇവർ കുടുംബത്തോടൊപ്പം സഞ്ചരിച്ച കാർ മുങ്ങുകയായിരുന്നു. അപകടത്തെ തുടർന്നുള്ള രക്ഷാ പ്രവർത്തനത്തിലെ പിഴവാണ് യുവതി മരിക്കാനിടയാക്കിയതെന്ന വിമർശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി.
അപകടത്തിൽ അതീവ ദുഃഖമുണ്ടെന്നും ബാനുരേഖയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഇൻഫോസിസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഇൻഫോസിസിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ ബാനുരേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

