എ.ടി.എമ്മിലേക്ക് കൊണ്ടുപോയ 7.11 കോടി കൊള്ളയടിച്ച സംഭവം; കണ്ടെടുത്തത് 7.01 കോടി രൂപ
text_fieldsബംഗളൂരു: ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേനെ എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോയ വാഹന തടഞ്ഞ് 7.11 കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ ഇതുവരെ 7.01 കോടി രൂപ കണ്ടെടുത്തതായി പൊലീസ് കമീഷണര്‍ സീമന്ത് കുമാർ സിങ് അറിയിച്ചു. ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന പ്രതികള്‍ കടം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് പണം കവർന്നത്. എ.ടി.എമ്മില്‍ പണം നിറക്കുന്ന വാൻ കൈകാര്യം ചെയ്തിരുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റംസിലെ മുൻ ജീവനക്കാരനായ സേവ്യർ, സി.എം.എസിലെ ജീവനക്കാരനായ ഗോപി എന്നിവരാണ് പ്രധാന പ്രതികൾ. ഇവർ 17,000 രൂപ ശമ്പളം വാങ്ങുന്നവരായിരുന്നു. സേവ്യർ ഒരു വർഷം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെട്ടവരാണ് പ്രതികൾ. പൊലീസ് കോൺസ്റ്റബ്ൾ അന്നപ്പ നായിക്കിന്‍റെ ആസൂത്രണത്തിലാണ് എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്ന വാഹനം കൊള്ളയടിച്ചത്. ഗോപിയാണ് കവർച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് വെളിപ്പെടുത്തി.
ബംഗളൂരു ഈസ്റ്റ് ഗോവിന്ദപുര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ അന്നപ്പ നായിക്, എ.ടി.എമ്മില്‍ പണം നിറക്കുന്ന വാൻ കൈകാര്യം ചെയ്തിരുന്ന സി.എം.എസ് ഇൻഫോ സിസ്റ്റംസിലെ മുൻ ജീവനക്കാരനായ സേവ്യർ, സി.എം.എസിലെ ജീവനക്കാരനായ ഗോപി എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
എട്ടോളം അംഗങ്ങളുള്ള സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. മൊബൈല്‍ ട്രാക് ചെയ്യുന്നത് ഒഴിവാക്കാൻ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. മൂന്ന് മാസത്തിലേറെയായി സംഘം കവർച്ച ആസൂത്രണം ചെയ്തിരുന്നു. സംഭവം നടന്നശേഷം പൊലീസില്‍ റിപ്പോർട്ട് ചെയ്യുന്നതിൽ സി.എം.എസ് ജീവനക്കാർ കാലതാമസം വരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം കൊണ്ടുപോകേണ്ട വഴിയും നീക്കവും ആസൂത്രണം ചെയ്തത് ഗോപിയാണെന്നും സി.സി.ടി.വി ബ്ലൈൻഡ് സ്പോട്ടുകളെക്കുറിച്ച് വ്യക്തമായ അറിവുള്ളത് കവര്‍ച്ച എളുപ്പമാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നവംബർ 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെന്ന വ്യാജേന സംഘം ഡയറി സർക്കിൾ ഫ്ലൈഓവറിൽ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒന്നിലധികം ഭാഷകളിൽ ആശയവിനിമയം നടത്തിയിരുന്നു. ഒന്നിലധികം വാഹനങ്ങൾ പ്രതികള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സൗത്ത് ഡിവിഷനിലെ 11 പൊലീസ് ഇൻസ്പെക്ടർമാരും രണ്ട് അസിസ്റ്റന്റ് പൊലീസ് കമീഷണർമാരും ക്രൈം ബ്രാഞ്ചിലെ ആറ് പി.ഐമാരും ചേർന്നാണ് അന്വേഷണം. കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 30ലധികം പേരെ ചോദ്യം ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് തിരുപ്പതിയിൽനിന്ന് പിറ്റേ ദിവസംതന്നെ പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

