ബന്ദിപ്പുർ രാത്രിയാത്ര നിരോധനം തുടരണം- എം.പി
text_fieldsബംഗളൂരു: ബന്ദിപ്പുർ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം നിരസിക്കണമെന്ന് മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. സംരക്ഷിത വനമേഖലയിലൂടെ രാത്രികാല വാഹന ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എം.പി. എം.കെ. രാഘവൻ മുഖ്യമന്ത്രിയെ സമീപിച്ച കാര്യം എം.പി പരാമര്‍ശിച്ചു.
2024 ലെ വയനാട് ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ സർക്കാർ ആവശ്യം പരിഗണിക്കുമെന്ന് അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന ശിവകുമാർ പറഞ്ഞിരുന്ന കാര്യം എം.പി സൂചിപ്പിച്ചു. ബന്ദിപ്പുരിനെ ഒരു രാഷ്ട്രീയ വിഷയമായി കാണരുതെന്നും കർണാടകയുടെ പാരിസ്ഥിതിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും വൊഡയാർ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. കർണാടകയുടെ ഏറ്റവും വിലയേറിയ പാരിസ്ഥിതിക മൂലധനങ്ങളില്‍ ഒന്നാണ് ബന്ദിപ്പുർ.
വന്യജീവികളുടെ ആവാസ കേന്ദ്രവുമാണ്. രാത്രി ഗതാഗതം വന്യജീവി സംരക്ഷണത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. രാത്രിയിലെ മൃഗങ്ങളുടെ പെരുമാറ്റത്തെ ഹെഡ്ലൈറ്റുകളും വാഹനങ്ങളുടെ ശബ്ദവും തടസ്സപ്പെടുത്തുകയും റോഡപകട സാധ്യത വർധിപ്പിക്കുകയും ചെയ്യും.
കൂടാതെ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽനിന്ന് അകറ്റുകയും ചെയ്യുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

