ബാലശാസ്ത്ര വിജ്ഞാന പരീക്ഷ: ദ്യുതി ദേശീയ ബാലശാസ്ത്ര പ്രതിഭ
text_fieldsബംഗളൂരു: പി.ടി. ഭാസ്കരപ്പണിക്കർ സ്മാരകസമിതിയും ശാസ്ത്ര സോഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നു നടത്തുന്ന ബാലശാസ്ത്ര വിജ്ഞാന പരീക്ഷയിൽ ഈ വർഷം ദേശീയതലത്തിൽ പ്രവാസി വിഭാഗത്തിലെ ബാലശാസ്ത്ര പ്രതിഭയായി മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ദ്യുതി ശ്യാം തിരഞ്ഞെടുക്കപ്പെട്ടു. ഇലക്ട്രോണിക് സിറ്റി വിബ്ജിയോർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. നന്മ ഇലക്ട്രോണിക് സിറ്റി മലയാളം പഠനകേന്ദ്രത്തിലെ ആമ്പൽ കോഴ്സ് വിദ്യാർഥിനിയുമാണ്.
കേരളത്തിന് അകത്തും പുറത്തുംനിന്നുമായി അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്ത ബാലശാസ്ത്ര പരീക്ഷയിൽ പുസ്തകങ്ങൾ വായിച്ചും ആളുകളോട് ചോദിച്ചുമൊക്കെ വിവരശേഖരണം നടത്തി ഒരു പ്രോജക്ടടക്കമുള്ള പുസ്തകം തയാറാക്കുക എന്നതായിരുന്നു വിദ്യാർഥികൾക്കുള്ള ആദ്യ റൗണ്ടിലെ പ്രവർത്തനം. തുടർന്ന്, ഇവരിൽനിന്ന് മികച്ച പുസ്തകം തയാറാക്കിയ 30 പേർക്ക് അവസാനഘട്ട മത്സരത്തിൽ പരസ്പരം മാറ്റുരക്കാൻ അവസരം ലഭിച്ചു. പ്രസംഗ മത്സരവും പ്രശ്നോത്തരിയും ചേർന്ന ഈ ഘട്ടത്തിന്റെ കൂടെ പോയന്റുകൾ കണക്കാക്കി, ലോകത്തെമ്പാടുമുള്ള മലയാളം മിഷൻ വിദ്യാർഥികൾക്കിടയിൽനിന്നും ഏറ്റവുമധികം പോയന്റ് നേടി ദ്യുതി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.
ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ സ്ഥിരതാമസമാക്കിയ ഐ.ടി ഉദ്യോഗസ്ഥരായ ശ്യാംചന്ദ്-ഹിത വേണുഗോപാലൻ ദമ്പതികളുടെ മകളാണ് ദ്യുതി. ഏക സഹോദരൻ നീരദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.ഈ വർഷത്തേതടക്കം ഏഴു തവണയാണ് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ വിദ്യാർഥികൾ ബാലശാസ്ത്ര പരീക്ഷയിൽ വിജയകിരീടം ചൂടുന്നത്. ചിട്ടയായ പരിശീലനവും ഉചിതമായ പ്രോത്സാഹനവും നൽകി കർണാടകത്തിലെ കുട്ടികളെ തുടർച്ചയായി ഈ നേട്ടത്തിന് സജ്ജരാക്കുന്നത് ടി.സി.എസിലെ സീനിയർ കൺസൾട്ടന്റും പി.ടി.ബി. ട്രസ്റ്റ് അംഗവുമായ വിജയരാജിന്റെ നേതൃത്വത്തിൽ കർണാടക ‘ശാസ്ത്ര’ കോഓഡിനേറ്റർ ടോമി ജെ. ആലുങ്കൽ, മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, മലയാളം മിഷനിലെ സീനിയർ അധ്യാപിക അമ്പിളി ശിവദാസ് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

