മുസ്ലിം പച്ചക്കറി, മീൻ കച്ചവടക്കാരെ കൊല്ലണമെന്ന് ബജ്റംഗ്ദൾ നേതാവ്
text_fieldsമംഗളൂരു: മീനും പച്ചക്കറിയും വിൽക്കാൻ എത്തുന്ന മുസ്ലിംകളുടെ കാര്യത്തിൽ ഹിന്ദുക്കൾ കരുതലോടെയിരിക്കണമെന്നും അത്യാവശ്യമെങ്കിൽ അവരെ വെടിവെച്ചു കൊല്ലണമെന്നും ബജ്റംഗ്ദൾ നേതാവിന്റെ ആഹ്വാനം. സ്ഥലത്തെ ഗുണ്ടയായ രഘുവാണ് വിദ്വേഷപ്രസംഗം നടത്തിയത്. ഇയാളെ കണ്ടെത്താൻ സക് ലേഷ് പുരിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മതംമാറ്റ നിരോധന, ഗോവധ നിരോധന നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സക് ലേഷ് പുരിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദപ്രസംഗം നടത്തിയത്.ഗോവധം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞതിന് പിറകെയായിരുന്നു പ്രകോപന പരാമർശങ്ങൾ.
രണ്ടു നിയമങ്ങളും റദ്ദാക്കും എന്ന് നേരത്തേ പ്രസ്താവിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ പരാമർശിച്ച് ‘മന്ത്രി പ്രിയങ്ക് ഖാർഗെ ഈയിടെ ഏത് ദളിൽ നിന്നുള്ളവരായാലും നടപടിയെടുക്കും എന്ന് പൊലീസുകാരോട് പറഞ്ഞു കേട്ടു. പരസ്യമായി ബജ്റംഗ്ദൾ എന്ന് പറയാൻ ഞാൻ മന്ത്രിയെ വെല്ലുവിളിക്കുന്നു. അപ്പോൾ കാണിച്ചു തരാം ബജ്റംഗ്ദൾ ശക്തി’ എന്നും രഘു പ്രസംഗിച്ചു. തുടർന്നായിരുന്നു മുസ്ലിം കച്ചവടക്കാരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്തത്. പിന്നീട് ഇയാൾ ഒളിവിൽ പോയി.

