ധർമസ്ഥല സാക്ഷി; ചിന്നയ്യക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം
text_fieldsധർമസ്ഥല കേസിൽ ആദ്യം പരാതിക്കാരനും പിന്നീട് പ്രതിയുമായ മാണ്ഡ്യ സ്വദേശി ചിന്നയ്യക്ക് ജാമ്യം ലഭിച്ചതിനാൽ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസിൽ ആദ്യം പരാതിക്കാരനും പിന്നീട് പ്രതിയുമായ മാണ്ഡ്യ സ്വദേശി ചിന്നയ്യക്ക് മംഗളൂരു ജില്ല സെഷൻസ് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. മൂന്ന് മാസമായി ചിന്നയ്യ ശിവമൊഗ്ഗ ജയിലിലായിരുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ താൻ നിർബന്ധത്തിനുവഴങ്ങി കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ നടത്തിയായിരുന്നു മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ രംഗത്തുവന്നത്.
ജൂലൈ 19ന് കർണാടക സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷണം പുരോഗമിക്കുന്നതിനിടെ ചിന്നയ്യയെ പ്രതിചേർത്ത് കേസെടുത്ത് ശിവമൊഗ്ഗ ജയിലിലടച്ചു. ചിന്നയ്യ ഉൾപ്പെടെ ആറ് പേർക്കെതിരെ കഴിഞ്ഞ ദിവസം എസ്.ഐ.ടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിച്ച കോടതി 12 കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ ദക്ഷിണ കന്നട ജില്ലക്കോ കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്കോ പോവരുത്. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് പ്രസ്താവനയോ അഭിമുഖമോ നൽകരുത്.
വിചാരണയിൽനിന്ന് രക്ഷപ്പെടാൻ ഒളിച്ചോടുകയോ പ്രദേശം വിട്ടുപോവുകയോ ചെയ്യരുത്. സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ കൈക്കൂലി നൽകുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ നശിപ്പിക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യരുത്. അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കണം. സമൻസ് ലഭിക്കുമ്പോൾ ഹാജരാകണം, അന്വേഷണത്തെ തടസ്സപ്പെടുത്തരുത്. നിർദേശിക്കുന്ന ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണം. പ്രതിയും ജാമ്യക്കാരനും വിലാസം തെളിയിക്കുന്ന രേഖയായ ആധാർ കാർഡ്, വോട്ടർ ഐ.ഡി അല്ലെങ്കിൽ സമാന രേഖകൾ ഹാജരാക്കണം.
വിലാസത്തിൽ മാറ്റം വന്നാൽ ഉടൻ കോടതിയെ അറിയിക്കണം. മൊബൈൽ ഫോൺ നമ്പർ, വാട്സ്ആപ് കോൺടാക്ട്, ഇ-മെയിൽ ഐ.ഡി, ലഭ്യമായ എല്ലാ കോൺടാക്ട് വിവരങ്ങളും കോടതിയിൽ നൽകണം. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കുറ്റപത്രമോ അന്തിമ റിപ്പോർട്ടോ സമർപ്പിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിലെത്തി ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പിടണം തുടങ്ങിയവയാണ് വ്യവസ്ഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

