2.5 ലക്ഷം പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി അസിം പ്രേംജി ഫൗണ്ടേഷൻ
text_fieldsബംഗളൂരു ബി.ഐ.സി സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ അസിം പ്രേംജി ഫൗണ്ടേഷൻ സി.ഇ.ഒ അനുരാഗ് ബെഹർ
സംസാരിക്കുന്നു
ബംഗളൂരു: രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പെൺകുട്ടികൾക്ക് 30,000 രൂപ വീതം പ്രതിവർഷം വിദ്യാഭ്യാസ സ്കോളർഷിപ് പ്രഖ്യാപിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ. വിപ്രോ ചെയർമാൻ അസിം പ്രേംജിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ ഫൗണ്ടേഷനാണിത്. സർക്കാർ സ്കൂളുകളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡി കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം ഉന്നതപഠനത്തിന് ശ്രമിക്കുന്ന പെൺകുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
പെൺകുട്ടികളുടെ കുടുംബത്തിലെ സാമ്പത്തിക നിലവാരമോ നേടിയ മാർക്കോ പരിഗണനാ വിഷയമല്ല. ഡിഗ്രിക്കോ ഡിപ്ലോമക്കോ പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാവുന്നതുവരെ ഓരോ വർഷവും 30,000 രൂപ വീതം ലഭിക്കും. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബംഗളൂരു ബി.ഐ.സി സെന്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ അസിം പ്രേംജി ഫൗണ്ടേഷൻ സി.ഇ.ഒ അനുരാഗ് ബെഹർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതിയായി പരീക്ഷിച്ച ശേഷമാണ് ഈ വർഷം കർണാടകയടക്കം 18 സംസ്ഥാനങ്ങളിലേക്ക് സ്കോളർഷിപ് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 25,000 പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയിരുന്നു. വരും വർഷങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി സ്കോളർഷിപ്പ് പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പദ്ധതിയിൽ കേരളവും തമിഴ്നാടും ഉൾപ്പെട്ടിട്ടില്ല. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഈ വർഷം പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

