കൃത്രിമ പൂക്കൾക്കെതിരെ ലാൽബാഗിൽ ബോധവത്കരണം
text_fieldsബംഗളൂരു: കൃത്രിമ പൂക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി പൂ കർഷകർ. ബംഗളൂരു ലാൽബാഗ് ഗാർഡനിലാണ് ഹോർട്ടികൾചർ വകുപ്പിന്റെയും ഹെബ്ബാളിലെ അന്താരാഷ്ട്ര പൂ ലേല കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ വ്യത്യസ്തമായ ബോധവത്കരണ പരിപാടി നടന്നത്. ലാൽബാഗിലെ സന്ദർശകർക്ക് ആയിരക്കണക്കിന് റോസാപ്പൂക്കൾ വിതരണം ചെയ്തായിരുന്നു ബോധവത്കരണം.
പൂക്കൾക്കൊപ്പം സെൽഫി പോയന്റും ഒരുക്കിയിരുന്നു. ജൈവരീതിയിൽ വളർത്തിയെടുക്കുന്ന ചെടികളിൽനിന്നുള്ള പൂക്കൾ ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും വേദികളിൽനിന്നും വീടുകളിൽനിന്നും പ്ലാസ്റ്റിക് പൂക്കൾ ഒഴിവാക്കണമെന്നും കർഷകർ അഭ്യർഥിച്ചു.
പ്ലാസ്റ്റിക് പൂക്കളുടെ അതിപ്രസരം കൊണ്ട് പൂവിപണിയിൽ ഇടിവുണ്ടാകുന്നതായി അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൂവിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയെന്നും പ്ലാസ്റ്റിക് പൂക്കൾ ഒഴിവാക്കി പൂ കർഷകരെ സഹായിക്കുകയും പൂ വിപണി നിലനിർത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ചടങ്ങിൽ സംബന്ധിച്ച അഡീഷനൽ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു. 38,000 ഹെക്ടറിലാണ് കർണാടകയിൽ പൂകൃഷി നടക്കുന്നതെന്ന് ഫ്ലവർ ഗ്രോവേഴ്സ് അസോസിയേഷൻ സൗത്ത് ഇന്ത്യ പ്രസിഡന്റ് ടി.എം. അരവിന്ദ് ചൂണ്ടിക്കാട്ടി. ഹോർട്ടികൾചർ ആൻഡ് സെറികൾചർ വകുപ്പ് സെക്രട്ടറി ഷംല ഇഖ്ബാൽ, ഹോർട്ടികൾചർ ജോയന്റ് ഡയറക്ടർ വിശ്വനാഥ് മുനിയപ്പ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

