പതക്കം നേടിയ പോത്തുകളുടെ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: മുൽക്കി കമ്പളയിൽ (പോത്തോട്ട മത്സരം) സമ്മാനങ്ങൾ നേടിയ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാമസുന്ദർ ഷെട്ടി (42), അക്ഷയ് പൂജാരി (30), സുവീൻ കാഞ്ചൻ (34) എന്നിവരാണ് അറസ്റ്റിലായത്. മുൽക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ അങ്കാരഗുഡ്ഡെ ഗ്രാമത്തിൽ കെഞ്ചനകെരെ ഷംസുദ്ദീന്റെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് ഭീഷണി മുഴക്കിയത്. കമ്പളകളിൽ മത്സരിച്ച് കിട്ടുന്ന തുകയിൽനിന്ന് ആഴ്ചതോറും ഹഫ്ത, കമ്പളയിൽ വിജയിച്ച് നേടിയ സ്വർണപ്പതക്കവും പണവും തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. പോത്തുകളെ കശാപ്പിന് നൽകണമെന്നും പറഞ്ഞു. കൃഷിഭൂമി, തോട്ടങ്ങൾ, പ്ലോട്ടുകൾ, മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരന്റെ വീട് എന്നിവയുടെ മേൽനോട്ടക്കാരനാണ് ഷംസുദ്ദീൻ. ഇദ്ദേഹത്തിന്റെ പോത്തുകൾ മുൽക്കി അരസു കമ്പളയിൽ സമ്മാനങ്ങൾ നേടിയിരുന്നു.ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

