ഗുണ്ടകളുടെ മാധ്യമ വേട്ട; ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsമംഗളൂരു: ധർമസ്ഥല ഗുണ്ടകൾ ബുധനാഴ്ച യൂട്യൂബർമാരെയും തുടർന്ന് മാധ്യമപ്രവർത്തകരെയും ആക്രമിച്ച സംഭവത്തിൽ ബെൽത്തങ്ങാടി, ധർമസ്ഥല പൊലീസ് സ്റ്റേഷനുകളിൽ വ്യാഴാഴ്ച ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. ധർമസ്ഥലയിൽ നാലും ബെൽത്തങ്ങാടിയിൽ മൂന്നുമാണ് കേസുകളെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ പറഞ്ഞു.
യൂട്യൂബർമാരെ മർദിക്കുകയും വാഹനങ്ങൾ കേടു വരുത്തുകയും ചെയ്തതിന് അക്രമികൾക്കെതിരെയും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായി ആരോപിച്ചുമാണ് കേസുകൾ.ബുധനാഴ്ച വൈകീട്ട് ധർമസ്ഥലയിലെ പങ്കല ക്രോസിൽ ഒരു വ്യക്തിയുമായി വിഡിയോ അഭിമുഖം റെക്കോഡ് ചെയ്യുന്നതിനിടെ 15 മുതൽ 50 വരെ വരുന്ന സംഘം അക്രമികൾ സ്ഥലത്തെത്തി തന്നെയും കാമറാമാൻ സുഹാസിനെയും സഞ്ചാരി സ്റ്റുഡിയോയിലെ സന്തോഷിനെയും യുനൈറ്റഡ് മീഡിയയിലെ അഭിഷേകിനെയും ആക്രമിച്ചതായി കുഡ്ല റാംപേജിലെ യൂട്യൂബർ അജയ് നൽകിയ പരാതിയിൽ പറഞ്ഞു.
മംഗളൂരുവിനടുത്ത ബണ്ട്വാൾ നിവാസിയാണ് അജയ്. അക്രമികൾ കാമറ റോഡിലേക്ക് വലിച്ചെറിയുകയും കേടുവരുത്തുകയും മെമ്മറി കാർഡ് മോഷ്ടിക്കുകയും ജീവന് ഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 2023ലെ 189 (2), 191 (2), 115 (2), 324 (5), 352, 307, 190 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുവർണ ന്യൂസിലെ റിപ്പോർട്ടറായ ഹരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മഹേഷ് ഷെട്ടി തിമറോഡിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തു. ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സുവർണ ന്യൂസ് റിപ്പോർട്ടർക്കും സുവർണ ന്യൂസ് ചാനലിനുമെതിരെ ബി.എൻ.എസ് 2023ലെ സെക്ഷൻ 126 (2), 296, 351, 3 (5) എന്നിവ പ്രകാരം കേസ് ഫയൽ ചെയ്തു.
പ്രകാശ് രാജ് അപലപിച്ചു
മംഗളൂരു: ധർമസ്ഥലയിൽ നാല് യൂട്യൂബർമാർക്കും ചാനൽ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കിട്ട വിഡിയോ സന്ദേശത്തിൽ, പ്രകാശ് രാജ് അക്രമത്തിനെതിരെ പ്രതികരിച്ചു.
ധർമസ്ഥലയിൽ തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്ന മാധ്യമ സുഹൃത്തുക്കൾക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണ്. ഇത്തരം ഗുണ്ടകൾ കാരണമാണ് ഭക്തരുടെ വിശ്വാസസ്ഥലമായ ധർമസ്ഥല കളങ്കപ്പെടുന്നത്.
നീതി തേടുമ്പോൾ അവർ എന്തിനാണ് ദേഷ്യപ്പെടുന്നത്? ദയവായി അവരെ അറസ്റ്റ് ചെയ്ത് സത്യം പുറത്തുകൊണ്ടുവരൂ.ബുധനാഴ്ച ധർമസ്ഥലയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ നാല് യൂട്യൂബർമാരെ അജ്ഞാതർ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

