നിയമസഭ ശൈത്യ സമ്മേളനം ഇന്ന് തുടങ്ങും
text_fieldsബംഗളൂരു: കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഇന്ന് ബെളഗാവി സുവർണ വിധാൻ സൗധയിൽ ആരംഭിക്കും. ഡിസംബർ 19 വരെ തുടരുന്ന സമ്മേളനം ചൂടേറിയ ചർച്ചകൾക്ക് വേദിയാകുമെന്നാണ് സൂചന. വിദ്വേഷ പ്രചാരണം തടയൽ ഉൾപ്പെടെ ആറ് ബില്ലുകളുടെ അവതരണം, കഴിഞ്ഞ ബി.ജെ.പി സർക്കാർ കോവിഡ് മറവിൽ നടത്തിയ കോടികളുടെ ക്രമക്കേട് സംബന്ധിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട് തുടങ്ങിയവയാണ് പ്രധാന അജണ്ട.
ബില്ലുകളും കോവിഡ് റിപ്പോർട്ടും ബി.ജെ.പിക്ക് എതിരായതിനാൽ പ്രതിപക്ഷം സർക്കാറിനെ വിമർശിക്കാൻ വിഷയങ്ങൾ തേടുന്നു. മുഖ്യപദവി മാറ്റം സംബന്ധിച്ച കോൺഗ്രസിലെ ആഭ്യന്തര തർക്കം, ക്രമസമാധാന തകർച്ച എന്നിവ ആയുധമാക്കി സിദ്ധാരാമയ്യ സർക്കാറിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലുമാണ് പ്രതിപക്ഷം. അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ അത് നേരിടാൻ തന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം നേതൃത്വ വിഷയത്തിൽ ഹൈകമാൻഡിന്റെ തീരുമാനം ഇരുവരും അനുസരിക്കുമെന്നും തങ്ങളുടെ തുറന്നതും സുതാര്യവുമായ സർക്കാർ എന്തും നേരിടാൻ സജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് ജെ.ഡി-എസുമായി ചേർന്ന് ബി.ജെ.പി ഇതുവരെ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോകയും വ്യക്തമാക്കി.
കർണാടകയിലെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപക്ഷം സർക്കാറിനെതിരെ വിഷയം ഉന്നയിച്ചാൽ നിയമസഭയിൽ ഉചിതമായ മറുപടി നൽകുമെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ശീതകാല സമ്മേളനത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളിൽ ക്രമസമാധാന നിലയും ഉൾപ്പെടുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രിയുടെ പ്രതികരണം.
കർണാടകയിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ക്രമസമാധാനനില എങ്ങനെയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചാൽ നിയമസഭയിൽ ഉചിതമായ ഉത്തരം നൽകും. ബി.ജെ.പി അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് ക്രമസമാധാനം എങ്ങനെയായിരുന്നു, ഇപ്പോൾ കണക്കുകൾ പ്രകാരം എങ്ങനെയുണ്ടെന്ന് അക്കമിട്ട് സഭയിൽ നിരത്തും. സംസ്ഥാനത്ത് ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് താൻ പറയുന്നില്ല. ബി.ജെ.പി ഭരണകാലത്ത് അവിടെ എങ്ങനെയായിരുന്നുവെന്നും ഇപ്പോൾ എങ്ങനെയാണെന്നും പറയേണ്ടതുണ്ട്.
ക്ഷേത്രനഗരമായ ധർമസ്ഥലയിൽ ‘‘ഒന്നിലധികം കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, ശവസംസ്കാരങ്ങൾ’’ എന്നിവ സംബന്ധിച്ച ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കുന്നതിനെക്കുറിച്ച് സഭയിൽ ഉന്നയിച്ചാൽ വസ്തുതാപരമായ നിലപാട് നിയമസഭയെ അറിയിക്കുമെന്ന് പരമേശ്വര പറഞ്ഞു. എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സർക്കാറിനും നൽകിയിട്ടുണ്ട്. വിഷയം ഉന്നയിച്ചാൽ ഞങ്ങൾ സഭയെ അറിയിക്കുമെന്ന് പരമേശ്വര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

