എൻ.എസ്.യു.ഐ നേതാവിനെതിരായ വധശ്രമം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsഎൻ.എസ്.യു.ഐ നേതാവ് ശരത് കുന്ദറിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ
മംഗളൂരു: കോൺഗ്രസ് വിദ്യാർഥി സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഒഫ് ഇന്ത്യ (എൻ.എസ്.യു.ഐ) ഉഡുപ്പി ജില്ല വൈസ് പ്രസിഡന്റ് ശരത് കുന്ദറിനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര കന്നട ജില്ലയിലെ യെല്ലാപൂരിൽനിന്നാണ് കുഞ്ഞിബെട്ടുവിലെ അക്ഷത് പൈ (27), ശിവള്ളിയിലെ സുശാന്ത് (25), ഉഡുപ്പിയിലെ രാമാനന്ദ പൈ (42), ഉപ്പൂരിലെ സന്തോഷ് കൊറഗ (38), അലേവൂരിലെ ശശാങ്ക് നായക് (25) എന്നിവർ പിടിയിലായത്.
ജനുവരി 30ന് മണിപ്പാലിലെ ഹോട്ടലിൽ ശരത് ഒരുക്കിയ അത്താഴവിരുന്നിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഒത്തുതീർപ്പിനെന്നപേരിൽ പി.പി.സി ക്രോസിൽ എത്തിച്ച പ്രതികൾ ശരതിനെ ആക്രമിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി 11.30ഓടെ ടാറ്റ സഫാരി, മഹീന്ദ്ര ഥാർ വാഹനങ്ങളിൽ എത്തിയ പ്രതികൾ ശരത്തിനെ വാളും ഇരുമ്പ് കസേരകളും ഉപയോഗിച്ച് ആക്രമിച്ചു. ശരതിന്റെ വലതു കൈപ്പത്തി, നടുവിരൽ, ഇടതു കൈത്തണ്ട എന്നിവക്ക് ഗുരുതര പരിക്കേറ്റു. ചികിത്സക്കായി അദ്ദേഹത്തെ ഹൈടെക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഡുപ്പി സിറ്റി പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഹ്യുണ്ടായ് വെന്യു കാറും കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

