ഏഷ്യയിലെ ഏറ്റവും വലിയ സ്മാർട്ട് വാട്ടർ ആന്‍ഡ് സീവറേജ് കമാൻഡ് സെന്‍റര്‍ ബംഗളൂരുവിൽ
text_fieldsസ്മാർട്ട് വാട്ടർ ആന്‍ഡ് സീവറേജ് കമാൻഡ് സെന്റർ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ സ്മാർട്ട് വാട്ടർ ആന്‍ഡ് സീവറേജ് കമാൻഡ് സെന്‍റര്‍ ബംഗളൂരുവിൽ പ്രവര്‍ത്തനമാരംഭിക്കും. ജപ്പാൻ ഇന്‍റർനാഷനൽ കോ-ഓപറേഷൻ ഏജൻസിയുടെ (ജെ.ഐ.സി.എ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ അത്യാധുനിക ഇന്‍റഗ്രേറ്റഡ് ഇന്‍റലിജന്‍റ് വാട്ടർ ആൻഡ് സീവറേജ് മാനേജ്മെന്‍റ് സെന്‍റര്‍ (എസ്.സി.എ.ഡി.എ) തിങ്കളാഴ്ച ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ പരിശോധിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം അന്തിമ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു.
ജയനഗറിലെ ഷിംഷ ഭവനിൽ സ്ഥിതി ചെയ്യുന്ന കമാൻഡ് സെന്‍റര്‍ ജലവിഭവ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉടൻ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ കുടിവെള്ള, മലിനജല സംവിധാനങ്ങൾ ഒരു മേൽക്കൂരയിൽ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാവേരി സ്റ്റേജ് അഞ്ച് പദ്ധതി പ്രകാരം 775 എം.എല്‍.ഡി ജലം കമാൻഡ് സെന്‍ററിലൂടെ വിതരണം ചെയ്യാന്‍ സാധിക്കും. 110ലധികം ഗ്രാമങ്ങൾക്ക് ഇത് പ്രയോജനപ്പെടും. കൂടാതെ ബംഗളൂരുവിലേക്കുള്ള ജലവിതരണവും സാധ്യമാക്കും. കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തനം സാധ്യമാക്കുന്നുവെന്നതിനാല്‍ ഓരോ പ്രദേശങ്ങളിലെയും ജലത്തിന്‍റെ ആവശ്യകത പ്രവചിക്കുന്നതിന് സാധിക്കും. പൈപ്പ്‌ലൈൻ ചോർച്ചകൾ കണ്ടെത്തുക, ജലനഷ്ടം കുറക്കുക, അനധികൃത കണക്ഷനുകള്‍ എന്നിവ തിരിച്ചറിയാനും സാധിക്കും.
ഭാവിയില്‍ നഗരത്തിലെ ജലവിതരണ സംവിധാനത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന സംവിധാനമായി ഇത് മാറും. ടി.കെ. ഹള്ളി, ഹരോഹള്ളി, ടാറ്റാഗുണി എന്നിവിടങ്ങളിലെ പ്രധാന ജലശുദ്ധീകരണ പ്ലാന്‍റുകളുമായും നഗരത്തിലുടനീളമുള്ള ജലസംഭരണികളുമായും ഈ കേന്ദ്രം ബന്ധിപ്പിച്ചിരിക്കുന്നു.
ക്ലോറിൻ അളവ്, പി.എച്ച് ലെവല്‍, ഖര വസ്തുക്കളുടെ അളവ് എന്നിവ തുടർച്ചയായി നിരീക്ഷിക്കും. ജല മലിനീകരണമുണ്ടായാൽ സുരക്ഷിതമായ കുടിവെള്ള വിതരണം ഉറപ്പാക്കാൻ സിസ്റ്റം തല്‍സമയ അലേർട്ടുകൾ നൽകും. നഗരത്തിലെ എല്ലാ മലിനജല സംസ്കരണ പ്ലാന്‍റുകളും എസ്.സി.ഡി.എ കേന്ദ്രവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) മാനദണ്ഡങ്ങൾക്കനുസൃതമായി സംസ്കരിച്ച ജലത്തിന്‍റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കാൻ സഹായിക്കും. മലിന ജലത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്‍റുകളെ നിരീക്ഷിക്കാനും ഈ സംവിധാനം ഉപയോഗിക്കും. ജി.ഐ.എസ് മാപ്പിങ്, സ്മാർട്ട് മീറ്ററിങ് എന്നിവയും ഉപകരണങ്ങളുടെ തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും അതുവഴി പ്രവർത്തന ചെലവും ഊർജ്ജ ഉപഭോഗവും കുറയക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

