കേന്ദ്ര ഭരണകൂടത്തിന് ആശാൻ കൃതികൾ താക്കീത് -വി.എസ്. ബിന്ദു
text_fieldsകുമാരനാശാെൻറ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സി.പി.എ.സി സംഘടിപ്പിച്ച സംവാദ ചടങ്ങിൽ എഴുത്തുകാരി വി.എസ്. ബിന്ദു സംസാരിക്കുന്നു
ബംഗളൂരു: മതനിരപേക്ഷമായ ഇന്ത്യൻ ഭരണഘടനയെ തള്ളിക്കളഞ്ഞ് മനുസ്മൃതി നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് കുമാരനാശാെൻറ കൃതികൾ താക്കീതാണെന്ന് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ വി.എസ്. ബിന്ദു പറഞ്ഞു. കുമാരനാശാെൻറ 150ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘ആശാൻ എന്ന കവിയെ സൃഷ്ടിച്ച പശ്ചാത്തലവും ആശാെൻറ സംഭാവനകളും’ എന്ന വിഷയത്തിൽ സി.പി.എ.സി ബംഗളൂരുവിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ജീവിതത്തിൽ ജാതിയുടെ പേരിൽ അവഗണിക്കപ്പെട്ട വ്യക്തിയാണ് മഹാകവി കുമാരനാശാൻ. ഡോ. പൽപ്പുവിെൻറ ശിപാർശയോടെ ബാംഗ്ലൂരിലെ സംസ്കൃത കോളജിൽ പഠനം ആരംഭിച്ച ആശാൻ ഡിഗ്രി പൂർത്തിയാക്കാതെ ജാതിയുടെ പേരിൽ പുറത്തു പോകേണ്ടി വന്നു. ഓരോ തലമുറയും സംവാദാത്മകമായി കണ്ടെടുക്കുന്ന മഹാകവിക്കും അദ്ദേഹത്തിെൻറ കവിതകൾക്കും പ്രസക്തിയേറുകയാണ്. പുരോഗമന ചിന്തയുടെ സ്നേഹപതാകയായി അതു പാറുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ആ കാലത്തോട് നീതിപുലർത്തുകയും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്ത കവിയായിരുന്നു കുമാരനാശാൻ എന്ന് പ്രശസ്ത എഴുത്തുകാരനായ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ആർ.വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, വി.കെ. സുരേന്ദ്രൻ എന്നിവർ സംവാദത്തിൽ പങ്കുചേർന്നു. സി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ, കൃഷ്ണമ്മ ടീച്ചർ, അംബിക, വി.കെ. സുരേന്ദ്രൻ എന്നിവർ കുമാരനാശാെൻറ കവിതകൾ ആലപിച്ചു. ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും സി.പി.എ.സി ട്രഷറർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

