മഠാധിപതി ബലാത്സംഗ കേസിൽ അറസ്റ്റിൽ; പീഡനത്തിന് ഇരയായത് 17കാരി
text_fieldsസ്വാമി ദർശകൻ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഠാധിപതിയെ പൊലീസ് അറസ്റ്റുചെയ്തു. ബെളഗാവി ജില്ലയിലെ റായബാഗിനടുത്ത ഗ്രാമത്തിൽ മഠത്തിന്റെ തലവൻ സ്വാമി ദർശകനാണ് 17കാരിയെ ബലാത്സംഗംചെയ്ത കേസിൽ അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബാഗൽകോട്ട് വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മുദലഗി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയെ സ്വാമി പലതവണ ബലാത്സംഗം ചെയ്തതായും സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഈ മാസം 13ന് പ്രതി പെൺകുട്ടിയെ റായ്ച്ചൂരിലേക്ക് കൊണ്ടുപോയി രണ്ടു ദിവസം അവിടെ താമസിച്ചു. 15ന് ബാഗൽകോട്ടിലേക്ക് കൊണ്ടുപോയി രണ്ടു ദിവസം അവിടെ താമസിപ്പിച്ച് പീഡിപ്പിച്ചു. പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് മേയ് 17ന് ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗപുര ബസ് സ്റ്റോപ്പിൽ ഇറക്കിവിടുകയായിരുന്നു. പെൺകുട്ടി തന്റെ മാതാപിതാക്കളോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് ബാഗൽകോട്ട് വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മഠത്തിന്റെ ഭക്തരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ആഴ്ചകളോളം മകളെ മഠത്തിൽ വിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് മുതലെടുത്താണ് പീഡനം. മഠത്തിനും ദർശകനും എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ആരോപണങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. 2021ൽ കുറ്റാരോപിതനായ സ്വാമിയെ ഗ്രാമവാസികൾ മർദിച്ച സംഭവം അരങ്ങേറിയിരുന്നു. കുറ്റാരോപിതനായ ദർശകനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടു. ഗ്രാമവാസികളുടെയും ഇരയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

